റിയാദ്: ദോഹയിലെ അൽബയാത്ത് സ്റ്റേഡിയത്തിൽ നിന്നുയരുന്ന വിസിൽ മുഴക്കം കേൾക്കാൻ സർവ്വ സജ്ജമാണ് ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കൊപ്പം സൗദിയും. രാജ്യത്തെ എല്ലാ പ്രശ്യകളിലും രാജ്യാടിസ്ഥാനത്തിലും ടീം അടിസ്ഥാനത്തിലും പ്രതേക കേന്ദ്രങ്ങൾ ആസ്വാദകരാൽ ഒരുക്കപ്പെട്ടിട്ടുണ്ട്. ഖത്തറിലെ ഗാലറിയെക്കാൾ ആവേശം നുരയുന്ന കളിയിടങ്ങൾ സൗദിയിൽ പലഭാഗത്തായുണ്ട്. കോഫീ ഷോപ്പുകളും ഇസ്തിറാഹകളും (വിശ്രമകേന്ദ്രം) ഇതനിയായി നേരത്തെ ഒരുക്കിയിട്ടുണ്ട്.
വീടുകളിൽ ഒതുങ്ങാതെ ആഘോഷത്തോടെ ആബാലവൃദ്ധത്തിനൊപ്പം കളികൾ കാണുന്ന സൗദിയിലെ ഒരു സംസ്കാരം കൂടിയാണ്. ഇതിനായി നേരത്തെ കോഫീ ഷോപ്പുകൾ ബുക്ക് ചെയ്ത് സുഹൃത്തുക്കളെ അതിഥികളായി വിളിക്കുന്ന പതിവുമുണ്ട് സൗദിയിൽ. പ്രിയ കളിക്കാരുടെ ഉഗ്രൻ നീക്കങ്ങൾക്ക് കൈയ്യടിക്കുക മാത്രമല്ല. ആൾകൂട്ടത്തിൽ നിന്ന് പ്രിയതാരങ്ങളെയും കളിയുടെ സൗന്ദര്യത്തെയും വാഴ്ത്തിയുള്ള കവിത ചൊല്ലലും മുദ്രാവാക്യങ്ങളും വിളികളുമുണ്ടാകും.
അറബ് ലോകത്ത് സൗദി അറേബ്യൻ ജനതയുടെ കാൽപന്ത് കളിയുടെ കമ്പം കീർത്തികേട്ടതാണ്. സൗദിയിലെ കാൽപന്ത് കളിയുടെ കമ്പക്കാരിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ സ്തീകളെന്നോ വ്യത്യാസമില്ല. ഇവിടെ പിറന്ന് വീഴുന്നവർക്ക് ജനിതകമായി കിട്ടുന്ന കായിക രുചിയാണ് ഫുട്ബാൾ.
സൗദിയിലെ ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ സമൂഹവും പ്രതേകം ഇടങ്ങൾ ഒരുക്കി കളികാണാൻ ഒത്തു കൂടുന്നതും പതിവാണ്. സൗദയിൽ ഉടനീളം വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുണ്ടെങ്കിലും മലയാളികളുടെ കളിക്കമ്പം മറ്റുളവർക്കില്ല. മലയാളികൾ തിങ്ങിപാർക്കുന്ന റിയാദിലെ ബത്ഹ സഫ മക്ക ഹാളിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ബത്ഹയിലിരുന്ന് ഖത്തറ് കാണാം' എന്ന ശീർഷകത്തിൽ വലിയ സ്‌ക്രീനിൽ ലൈവ് പ്രദർശനം ഒരുക്കിയിട്ടുണ്ട്. സൗദിയുടെ മറ്റ് പ്രവിശ്യകളിലും ഉൾഗ്രാമങ്ങളിലും നഗരത്തിലെ വിവിധ ഹാളുകളിലും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ഫുട്ബാൾ ക്ലബ്ബ്കളുടെയും നേതൃത്വത്തിൽ പ്രദർശനം സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.