ഖത്തർ ടൂറിസം പുറത്തിറക്കിയ വിഡിയോ ആനിമേഷനിൽനിന്ന്
ദോഹ: ഷഹീൻ, മഹ, ലുലു ഇവർ മൂന്നുപേരുമാണ് കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി ഖത്തറിെൻറ താരങ്ങൾ. സമൂഹമാധ്യമങ്ങളിലും യൂറോപ്പിലെയും അമേരിക്കയിലെയും പത്ര ദൃശ്യമാധ്യമങ്ങളിലുമെല്ലാം ഇവരുടെ ഓട്ടപ്രദക്ഷിണമാണ്. പാരമ്പര്യവും പൈതൃകവും വിസ്മയകാഴ്ചകളുമൊരുക്കി ലോകത്തെ വരവേൽക്കുന്ന ഖത്തറിനെ എല്ലാദിക്കിലെയും കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ കാർട്ടൂൺ കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം ഖത്തർ ടൂറിസത്തിെൻറ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് ഷഹീൻ, മഹ, ലുലു എന്നീ മൂവർ സംഘത്തെ തുറന്നുവിട്ടത്. മിനിറ്റുകൾക്കകം സ്വദേശികളും വിദേശികളും ഏറ്റെടുത്തു.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിയുടെ വാനിറ്റി ബാഗിൽനിന്ന് പുറത്തുചാടുന്ന ഒരു കീചെയ്നിൽ തുടങ്ങുന്നു കഥ. ജീവൻ വെച്ച് അവർ മൂന്നുപേരും ഖത്തറിെൻറ ചുറ്റിക്കാണുന്നതാണ് വിഡിയോ. രാജ്യത്തിെൻറ പൈതൃകവും പാരമ്പര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളും മരുഭൂമിയും ലോകകപ്പ് േവദിയുമെല്ലാം കുഞ്ഞു വിഡിയോയിൽ മനോഹരമായി വരച്ചുകാട്ടുന്നു. 'അനുഭവിച്ചറിയാം; അപ്പുറമുള്ള ലോകം' എന്ന ശീർഷകത്തിൽ ഖത്തർ ടൂറിസം ആരംഭിച്ച പ്രചാരണത്തിെൻറ ഭാഗമായാണ് ഷഹീനും കൂട്ടുകാരും അവതരിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, റഷ്യ, തൂർക്കി, അമേരിക്ക എന്നിവിടങ്ങളിൽ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലും, ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, യൂടൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലും മൂവർസംഘം ഹിറ്റായി കഴിഞ്ഞു.
കോവിഡിനുശേഷം രാജ്യാന്തര യാത്രക്കാർ കൂടുകയും അടുത്ത വർഷത്തെ ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള കാണികളും സന്ദർശകരും ഖത്തറിലേക്ക് ഒരുങ്ങുന്നതിനുമിടയിൽ കൂടുതൽ പേരെ ആകർഷിക്കാനാണ് ഖത്തർ ടൂറിസം കാമ്പയ്നുമായി രംഗത്തിറങ്ങിയത്. ലോകകപ്പിന് മുമ്പായി ഖത്തറിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
2030ലോടെ 60 ലക്ഷം സന്ദർശകരെ രാജ്യത്തേക്ക് വരവേൽക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ദേശീയ സമ്പദ്വ്യവസ്ഥയുടെ വികസനത്തിൽ വിനോദസഞ്ചാര മേഖലയുടെ പങ്ക് വർധിപ്പിക്കുക, രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനം 2030 ഓടെ 10 ശതമാനമായി വർധിപ്പിക്കുക എന്നിവ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകനിലവാരത്തിലെ ഭക്ഷണ പരിചയവുമായി വേൾഡ് ക്ലസ്ചെഫ്, ഡിസംബറിൽ നടക്കുന്ന ഹെയ അറേബ്യൻ ഫാഷൻ എക്സിബിഷൻ, ഭക്ഷ്യമേള തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പരിപാടികൾക്കാണ് ഖത്തർ ടൂറിസം ഒരുങ്ങുന്നത്.
ഈ നവംബറിൽ ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഗ്രാൻഡ് പ്രീ തുടങ്ങിയ ചാമ്പ്യൻഷിപ്പുകൾക്കും രാജ്യം വേദിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.