ദോഹ: ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്കൈ ട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് സ്വന്തമാക്കിയതിന്റെ സന്തോഷം ടിക്കറ്റ് നിരക്കിളവിലൂടെ യാത്രക്കാരുമായി പങ്കുവെച്ച് ഖത്തര്‍ എയര്‍വേസ്. ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ജൂലൈ ഒന്നുമുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള യാത്രക്കാണ് ഇളവ് പ്രയോജനപ്പെടുത്താനാവുക. ഖത്തർ എയർവേസിന്റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ സ്കൈ ട്രാക്സ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യണം. ബിസിനസ് ക്ലാസുകൾക്കും ഇക്കോണമി ടിക്കറ്റുകൾക്കും ഇളവ് ലഭിക്കും. ലണ്ടനില്‍ നടന്ന സ്കൈ ട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ്സില്‍ മിന്നുന്ന നേട്ടമാണ് ഇത്തവണ ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. ലോകത്തെ മികച്ച എയര്‍ലൈനിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച്, മിഡീലിസ്റ്റിലെ മികച്ച എയര്‍ലൈന്‍ തുടങ്ങിയ പുരസ്കാരങ്ങളും ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയിരുന്നു. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളില്‍നിന്നാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്.
ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്. എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് നേട്ടം. എമിറേറ്റ്സാണ് മൂന്നാം സ്ഥാനത്ത്. നേരത്തേ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു. മികച്ച ഷോപ്പിങ് സൗകര്യമുള്ള വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഈ സന്തോഷം യാത്രക്കാരുമായി പങ്കുവെക്കുന്നതിനാണ് താങ്ക്യു എന്ന പേരില്‍ ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്കുന്നതിലുള്ള ശ്രദ്ധയും തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നതുമാണ് ഖത്തര്‍ എയര്‍വേസിനെ നേട്ടത്തിന് അര്‍ഹരാക്കിയതെന്ന് ഗ്രൂപ് സി.ഇ.ഒ എൻജിനീയര്‍ ബദര്‍ അല്‍മീര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.