ദോഹ: 2026 ഫിഫ ലോകകപ്പ് ഫുട്ബാൾ യോഗ്യത സ്വപ്നങ്ങളുമായി ഖത്തർ പുതിയ അങ്കത്തിന് ബൂട്ട് കെട്ടുന്നു. രണ്ടാം റൗണ്ടിലെ ഗ്രൂപ് മത്സരങ്ങളിൽ ആധികാരിക ജയം സ്വന്തമാക്കിയവർക്ക് ഇനി, മൂന്നാം റൗണ്ടിലെ വലിയ പരീക്ഷണങ്ങളുള്ള പോരാട്ടം.
കരുത്തർ അണിനിരക്കുന്ന ഗ്രൂപ് ‘എ’യിൽ ആദ്യം മുതൽ പൊരുതിക്കളിച്ചാൽ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന സ്വപ്നവുമായാണ് അന്നാബികൾ സ്വന്തം മണ്ണിലെ ആദ്യ അങ്കത്തിന് ബൂട്ടു കെട്ടുന്നത്. അയൽക്കാരായ യു.എ.ഇക്കെതിരെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ഏഴിനാണ് മത്സരങ്ങളുടെ കിക്കോഫ്.
ഏഷ്യൻ ഫുട്ബാളിലെ പ്രബലരായ ഇറാൻ, ഉസ്ബകിസ്താൻ ടീമുകൾക്കൊപ്പം കിർഗിസ്താൻ, ഉത്തര കൊറിയ എന്നിവർ കൂടി ഉൾപ്പെടുന്ന ഗ്രൂപ് ‘എ’യിൽ നിന്നും ആദ്യരണ്ടു സ്ഥാനക്കാരായാൽ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിക്കാം. അതിനാൽ ഓരോ പോയന്റും വിലപ്പെട്ടതാണ്. 2022ൽ ആതിഥേയരെന്ന നിലയിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഖത്തറിന്, ഇത്തവണ കളിച്ച് യോഗ്യത നേടുകയാണ് ലക്ഷ്യം.
രണ്ടു തവണ ഏഷ്യൻ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെ ഒരുങ്ങുന്ന അന്നാബികൾക്ക് ഇനിയുള്ള ഒരു മത്സരംപോലും പാഴാക്കാനാവില്ല. ഫിഫ റാങ്കിങ്ങിൽ ഇറാനും (20) ഖത്തറുമാണ് (35) ഗ്രൂപ്പിൽ മുൻനിരക്കാരെങ്കിലും എതിരാളികളായ ഉസ്ബകിസ്താൻ, (62), യു.എ.ഇ (69) എന്നിവർ മികച്ച യുവനിരയുമായി കളിക്കാൻ മിടുക്കരാണ്സെപ്റ്റംബർ 10ന് ഉത്തര കൊറിയക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.
വൻകരയുടെ ജേതാക്കൾ എന്ന നിലയിൽ സ്വന്തം മണ്ണിൽ നന്നായി തുടങ്ങാനാണ് ഖത്തറിന്റെ തയാറെടുപ്പ്. അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിറഗാലറിയുടെ പിന്തുണയിലാവും കളി. 45,000 ഇരിപ്പിടശേഷിയുള്ള സ്റ്റേഡിയത്തിലെ ടിക്കറ്റുകളിൽ ഏറിയ പങ്കും നേരത്തേ വിറ്റുപോയിരുന്നു.
കോച്ച് മാർക്വേസ് ലോപസിനു കീഴിൽ ടീം ഒരാഴ്ച മുമ്പുതന്നെ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കളത്തിൽ പുറത്തെടുക്കും കോച്ച് ലോപസ് പറയുന്നു. ആരാധകർക്ക് മികച്ച മത്സരാനുഭവം തന്നെ ഹോം ഗ്രൗണ്ടിൽ സമ്മാനിക്കും- ഖത്തർ താരം ജാസിം ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.