ദോഹ: ഉമൽ ഖൈർ, ദിൽ കയാസ്, അസിമുൽ ഹസൻ... ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഇവരുടെ ഓരോ ഫ്രെയിമുകളും. ഒരു ചിത്രത്തിൽനിന്നും മറ്റൊരു ചിത്രത്തിലേക്ക് കണ്ണെത്തുമ്പോൾ ഹൃദയം നുറുങ്ങും. വംശഹത്യക്ക് ഇറങ്ങിപ്പുറപ്പെട്ട ഒരു ഭരണകൂടം ഇങ്ങനെയും ക്രൂരതകൾ ചെയ്ത് കൂട്ടുമോ എന്ന് ആലോചിച്ചുപോവും. ലോകം ഞെട്ടിയ 2017ലെ മ്യാൻമറിലെ റോഹിങ്ക്യൻ വംശഹത്യയുടെ ദുരന്ത സാക്ഷ്യങ്ങൾ വരച്ചിടുന്നതാണ് മൂവരുടെയും ചിത്രങ്ങൾ.
‘ എ ചാൻസ് ടു ബ്രീത് ’എന്ന പേരിൽ പത്തിലേറെ ഫ്രയിമുകളിൽ ഇവർ പകർത്തിയ ചിത്രങ്ങൾ നിറഞ്ഞ ചുമരുകൾ സമകാലീന ലോകത്തിലെ പൊള്ളുന്ന യാഥാർഥ്യമാണ്. ഖത്തർ മ്യൂസിയത്തിനു കീഴിൽ ഖത്തർ ക്രിയേറ്റ്സ് സംഘടിപ്പിക്കുന്ന ‘തസ്വീർ’ ഫോട്ടോ പ്രദർശനത്തിലാണ് ഇവരുടേത് ഉൾപ്പെടെ പല ചിത്രങ്ങളും നിറഞ്ഞുനിൽക്കുന്നത്.
ഖത്തർ, പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിൽനിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഖത്തർ ദ്വൈവാർഷിക തസ്വീർ ഫോട്ടോ ഫെസ്റ്റിവലിൽ ഇത്തവണ അണിനിരക്കുന്നത്. ഖത്തർ മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനത്തിൽ നാല് ഫോട്ടോ എക്സിബിഷനുകളാണ് ഇത്തവണ ആരംഭിച്ചത്.
മുശൈരിബിലെ എം സെവനിൽ ദോഹ ഫാഷൻ ഫ്രൈഡേഴ്സ്, എ ചാൻസ് ടു ബ്രീത്ത് എക്സിബിഷൻ എന്നീ പ്രദർശനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. അൽ കൂത്ത് ഫോർട്ടിൽ ഹദീർ ഒമർ: ആൻഡ് ദേറാഫ്റ്റർ ഇമ്മേഴ്സീവ് ഇൻസ്റ്റലേഷനും മജ്ലിസ് ബറാഹത് അൽ ജുഫൈരിയിലെ മൈ മദർ ലുൽവാസ് ഹൗസ് ഇൻസ്റ്റലേഷനുമാണ് തസ്വീർ ഫോട്ടോ ഫെസ്റ്റിവലിന് കീഴിലെ മറ്റു രണ്ട് പ്രദർശനങ്ങൾ.
ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ വൈവിധ്യത്തെ ക്യുറേറ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദേശീയ സാംസ്കാരിക പ്രസ്ഥാനമായ ഖത്തർ ക്രിയേറ്റ്സിന് കീഴിലാണ് മ്യൂസിയംസ് പരിപാടി സംഘടിപ്പിക്കുന്നത്.
കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗാത്മക മേഖലയെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിൽ തസ്വീർ സ്ഥാപിച്ചിരിക്കുന്നത്.
ഫോട്ടോഗ്രഫി എന്ന മാധ്യമത്തിന് കഥകൾ പറയാനും അർഥം പകരാനും കഴിയുന്നതോടൊപ്പം ജനപ്രീതിയും പ്രവേശനക്ഷമതയും ഉണ്ടായിരുന്നിട്ടും ഇതിനെ അംഗീകരിക്കാനും പഠിക്കാനും ചർച്ചചെയ്യാനുള്ള അവസരങ്ങൾ കുറഞ്ഞുവരുകയാണെന്നു ശൈഖ അൽ മയാസ പറഞ്ഞു.
ഞങ്ങളുടെ രണ്ടാമത്തെ ബിനാലെയാണിതെന്നും 2021ലെ ആദ്യ എഡിഷന്റെ വിജയത്തെയാണ് വലിയ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ജീവിതങ്ങളും സംസ്കാരങ്ങളുമാണ് പ്രദർശനത്തിൽ തുടിച്ചുനിൽക്കുന്നത്.
പ്രകൃതിയും തൊഴിലും ദാരിദ്യവുമെല്ലാം വിഷയങ്ങളായി ഫ്രെയിമിൽ നിറയുമ്പോൾ കാഴ്ചക്കാരന്റെ മനസ്സുകളിലേക്കാണ് കൊത്തിവലിക്കപ്പെടുന്നത്. പ്രശസ്ത ഖത്തരി ഫോട്ടോഗ്രാഫർ ഖലീഫ അൽ ഒബൈദലിയാണ് തസ്വീർ ഡയറക്ടർ. പ്രദർശനം 20ന് സമാപിക്കും.നിരവധി ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.