പ്രാഥമികാരോഗ്യ കേന്ദ്രം സമൂഹ മാധ്യമങ്ങൾവഴി നൽകിയ നിർദേശങ്ങൾ
ദോഹ: ഖത്തർ ഉൾപ്പെടെ ഗൾഫ് മേഖല ഇപ്പോൾ കാലാവസ്ഥ മാറ്റത്തിന്റെ നാളുകളിലാണ്. ശക്തമായ തണുപ്പിൽ നിന്നും നാട് പതിയെ പതിയെ ചൂടിലേക്ക് മാറാൻ ഒരുങ്ങുന്നു. രാത്രികളിൽ ശക്തമായ തണുത്ത കാറ്റ്, അപ്രതീക്ഷിതമായെത്തുന്ന മഴ, പകലിൽ വീശിയടിക്കുന്ന മണൽക്കാറ്റ്, ചിലപ്പോൾ കനത്ത ചൂടു പകരുന്ന പകലുകൾ.. അങ്ങനെ പ്രവചനാതീതമായ കാലാവസ്ഥയാണ് നിലവിൽ..
ശൈത്യത്തിൽ നിന്നും വസന്തകാലത്തിലേക്കും ശേഷം ഊഷ്ണത്തിലേക്കുമുള്ള ഈ മാറ്റത്തിനിടെ ജനങ്ങൾ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശക്തമായ തണുത്ത കാറ്റാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്നത്.
റമദാൻ നോമ്പുകാലമായതിനാൽ സാധാരണ ദിവസത്തേക്കാൾ രാത്രിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. ജലദോഷം, പനി, കഫകെട്ട്, ശ്വാസകോശ അലർജി തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഈ ഘട്ടത്തിൽ അനുഭവപ്പെടുന്നത്.
ശൈത്യകാലത്തിനും വേനൽക്കാലത്തിനുമിടയിലുള്ള സീസണിലുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ വർധിപ്പിക്കുന്നതായി ഹമദ് മെഡിക്കൽ കോർപറേഷനിലെ (എ.ച്ച്.എം.സി) എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. വാർദ അലി അൽസാദ് പറഞ്ഞു.
സൈനസ്, ശ്വസന അലർജി തുടങ്ങിയ മുൻകരുതലുകൾ ഈ സമയങ്ങളിൽ എടുക്കണം. ഈ സമയത്ത് ശ്വാസകോശ സംബന്ധമായ അണുബാധകളും ബ്രോങ്കൈറ്റിസും പോലുള്ള അവസ്ഥകൾ സാധാരണമാണ്. മുൻകരുതലുകൾ എടുക്കാനും ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
പൊടി, ശക്തമായ കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പ്രാഥമികാരോഗ്യ കോർപറേഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സാധ്യമാകുന്നവർ മാസ്ക് ധരിക്കണം. ചുമ, ശ്വാസതടസ്സം തുടങ്ങിയ നേരിയ ലക്ഷണങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തണം. കൂടുതൽ ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് ശ്വാസകോശ അണുബാധയുണ്ടാകാം, അവർ നേരിട്ട് എമർജൻസി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്നും പി.എച്ച്.സി.സി അറിയിച്ചു.
കാലാവസ്ഥയിലെ മാറ്റങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുമായി ഖത്തർ സിവിൽ ഡിഫൻസ് വിഭാഗവും രംഗത്തെത്തി. ശക്തമായ കാറ്റ് കാരണം മരങ്ങൾ മുറിഞ്ഞുവീഴാനും അപ്രതീക്ഷിത മഴയെത്താനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. ശക്തമായ കാറ്റടിക്കുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണം.
കാറ്റിൽപെട്ട് വാഹന ദിശമാറാനും തെന്നിനീങ്ങാനും സാധ്യതയുണ്ടെന്നും ഇത് അപകടത്തിനിടയാക്കുമെന്നും നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കാലാവസ്ഥ മാറ്റമായ അൽ സറായ സീസണിനാണ് മാർച്ച് പകുതിയോടെ തുടക്കംകുറിച്ചത്. ഇത് മേയ് മധ്യം വരെയുണ്ടാകും. ഈ സമയം അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.