ദോഹ: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. ഫെബ്രുവരി ആദ്യ വാരത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ തടവിലായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് വ്യക്തമാക്കിയത്. ഇതുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിലായി 6478 ഇന്ത്യക്കാരാണ് വിവിധ കേസുകളിലായി ജയിലുകളിലുള്ളത്. കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരും വിചാരണയിലുള്ളവരും ഉൾപ്പെടെയാണ് ഈ കണക്ക്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കു പ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിലായി 6365 തടവുകാരായിരുന്നു ഉള്ളത്. എന്നാൽ, ആറു മാസം കഴിയുമ്പോൾ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇത് 113 പേർ കൂടി വർധിച്ച് 6478ലെത്തി. കേരളത്തിൽ നിന്നുള്ള ലോക്സഭ അംഗം ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് വിദേശരാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരുടെ ഏറ്റവും പുതിയ കണക്ക് വെളിപ്പെടുത്തിയത്. മറുപടിയായി നൽകിയ വിവരങ്ങൾക്ക് അനുബന്ധമായി 86 വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തടവുകാരുടെ പട്ടികയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
10,152 ഇന്ത്യൻ തടവുകാരാണ് 86 രാജ്യങ്ങളിലുള്ളത്. അവയിൽ ഏറ്റവും കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിലാണുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ (2633). രണ്ടാമത് യു.എ.ഇയിലുമാണുള്ളത് (2518). ഇരു രാജ്യങ്ങളിലും ആറു മാസം മുമ്പത്തെ റിപ്പോർട്ടിനേക്കാൾ വർധനയുണ്ടായി.
ഗൾഫ് രാജ്യങ്ങളിൽ ഖത്തർ (611), ഒമാൻ (148), കുവൈത്ത് (387), ബഹ്റൈൻ (181) എന്നിങ്ങനെയാണ് ഇന്ത്യൻ തടവുകാരുടെ ആകെ എണ്ണം. സൗദിയിൽ 39 തടവുകാരും, യു.എ.ഇയിൽ 210 തടവുകാരുമാണ് കൂടിയത്. കുവൈത്തിൽ ഒന്നും, ഖത്തറിൽ 23ഉം കൂടിയപ്പോൾ, ബഹ്റൈൻ (132), ഒമാൻ (28) രാജ്യങ്ങളിൽ തടവുകാരുടെ എണ്ണം കുറഞ്ഞതായും വെളിപ്പെടുത്തുന്നു.
അതേസമയം, കഴിഞ്ഞ റമദാനിൽ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഉൾപ്പെട്ടവരുടെ കണക്ക് പുറത്തുവരുന്നതോടെ തടവുകാരുടെ എണ്ണം ഇനിയും കുറയും. എല്ലാ രാജ്യങ്ങളിലും എംബസിയും കോൺസുലേറ്റും ഇന്ത്യൻ തടവുകാരുടെ കേസുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
വിദേശരാജ്യങ്ങളിൽ ഒരു ഇന്ത്യക്കാരൻ തടവിലാവുന്നത് സംബന്ധിച്ച് വിവരം ലഭിച്ചാൽ അതതിടങ്ങളിലെ ഇന്ത്യൻ മിഷൻ/പോസ്റ്റ് പ്രാദേശിക വിദേശകാര്യ ഓഫിസുമായും അധികാരികളുമായും ബന്ധപ്പെടുകയും, കേസിന്റെ വസ്തുതകൾ, അയാളുടെ ഇന്ത്യൻ പൗരത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും കോൺസുലാർ സേവനം ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യും. ആവശ്യമാണെങ്കിൽ നിയമസഹായവും, ഫീസ് വാങ്ങാതെ അഭിഭാഷക സേവനവും ഉറപ്പാക്കും. അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള പിന്തുണയും ലഭ്യമാക്കും.
ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ അയൽരാജ്യമായ നേപ്പാളിലാണ് (1317) ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തടവിലുള്ളത്. ബ്രിട്ടനിൽ 288ഉം, മലേഷ്യയിൽ 338ഉം, അമേരിക്കയിൽ 169ഉം, ഇറ്റലിയിൽ 168ഉം, ചൈനയിൽ 173ഉം പേർ തടവുകാരായുണ്ട്.
ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ
ദോഹ: വിവിധ കേസുകളിൽ പെട്ട് ഖത്തർ ജയിലിലുള്ളത് 611 ഇന്ത്യക്കാരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് മറുപടി നൽകിയത്. 2024 ആഗസ്റ്റിൽ തടവുകാരുടെ എണ്ണം 588 ആയിരുന്നെങ്കിൽ ആറു മാസം കൊണ്ട് ഇത് 23 എണ്ണം വർധിച്ച് 611ലെത്തി.
2022 ലോകകപ്പിന് ശേഷം മലയാളികൾ ഉൾപ്പെടെ ജയിലിലാവുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായോ എന്ന എം.പിയുടെ ചോദ്യത്തിന് അത്തരത്തിൽ അസാധാരണമായൊരു വർധനയില്ലെന്നും മന്ത്രി മറുപടി നൽകി. ശിക്ഷിക്കപ്പെട്ടവരോ, കേസുകളിൽ വിചാരണ നേരിടുന്നവരോ ഉൾപ്പെടെയാണ് 611 തടവുകാർ.
അതേസമയം, സംസ്ഥാന അടിസ്ഥാനത്തിലെ കണക്കുകൾ ലഭ്യമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തടവുകാരിൽ 115ഓളം പേർ ലഹരി കേസുകളുമായി പിടിയിലായവരാണെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. ക്രിമിനൽ, സാമ്പത്തിക കുറ്റകൃത്യം ഉൾപ്പെടെ കേസുകളിലുള്ളവരാണ് ശേഷിച്ചവർ. ഖത്തറിൽ 8.30 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ പ്രവാസികളായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.