ദോഹ: 2026 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത കടമ്പയുടെ ആദ്യപടി കടന്ന് ഖത്തറും യു.എ.ഇയും. പത്തു ദിവസമായി ഏഷ്യൻ ടൗണിലും ദോഹയിലുമായി നടന്ന ഏഷ്യൻ ‘ബി’ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഖത്തർ അയൽക്കാരായ സൗദി അറേബ്യയെ ആറു വിക്കറ്റിനും യു.എ.ഇ ബഹ്റൈനെ എട്ടു വിക്കറ്റിനും തോൽപിച്ചാണ് മേഖലാ തല യോഗ്യത അങ്കത്തിലേക്ക് ഇടം ഉറപ്പിച്ചത്. വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ രണ്ട് ഓവർ ബാക്കി നിൽക്കെയായിരുന്നു സൗദിക്കെതിരായ ജയം.
ആദ്യം ബാറ്റു ചെയ്ത സൗദി, ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ, ആതിഥേയർ 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ തന്നെ ലക്ഷ്യം മറികടന്നു. മുഹമ്മദ് അഹ്നാഫ് (50), സഖ് ലൈൻ അർഷാദ് (45) എന്നിവരാണ് ഖത്തറിന് അനായാസ വിജയമൊരുക്കിയത്.
ഏഷ്യൻ ‘ബി’ യോഗ്യത റൗണ്ടിൽ ആറു കളിയും ജയിച്ച യു.എ.ഇയും (12 പോയന്റ്) അഞ്ച് ജയവുമായി ഖത്തറും (10) ആദ്യ രണ്ടു സ്ഥാനക്കാരായി റീജനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിൽ യു.എ.ഇ ബഹ്റൈനെ എട്ടു വിക്കറ്റിന് തോൽപിക്കുകയായിരുന്നു. അടുത്ത വർഷം ആഗസ്റ്റിലാണ് ഏഷ്യ, ഈസ്റ്റ് ഏഷ്യ, പസഫിക് രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന മേഖലാതല യോഗ്യത റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ജപ്പാൻ, കുവൈത്ത്, മലേഷ്യ, യു.എ.ഇ, ഒമാൻ, നേപ്പാൾ, സമോവ, പാപുവ ന്യൂ ഗിനിയ ഉൾപ്പെടെ ഒമ്പത് ടീമുകൾ പങ്കെടുക്കുന്ന ഈ റൗണ്ടിൽനിന്ന് മൂന്ന് ടീമുകൾ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.