ദോഹ: ഈസ്റ്ററും പെരുന്നാളും ആഘോഷിച്ചതിന് പിന്നാലെ കണിവെള്ളരിയും കണിക്കൊന്നയുമായി വിഷുവിനെ വരവേറ്റ് പ്രവാസി മലയാളികളും. പെരുന്നാളിന്റെ ആഘോഷക്കാലം അവസാനിക്കും മുമ്പേ വിഷുവും എത്തുമ്പോൾ പ്രവാസമണ്ണിൽ ബഹുമതാഘോഷങ്ങളുടെ നാളുകൾ.
വിപണിയിൽ പെരുന്നാൾ തിരക്ക് അവസാനിച്ചതിനു പിന്നാലെ മാളുകളിലും ഹൈപ്പമാർക്കറ്റിലും വിഷുവിപണിയും ഉണർന്നു. കണി വിഭവങ്ങളും സദ്യയുമാണ് പ്രധാനം.
ലുലു, സഫാരി, ഗ്രാൻഡ്, ഫാമിലി ഫുഡ്സെന്റർ ഉൾപ്പെടെ പ്രധാന ഹൈപ്പർമാർക്കറ്റുകൾ വിഷു സ്പെഷൽ വിപണിയും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിഭവങ്ങൾ വാഗ്ദാനം ചെയ്ത് സദ്യകളുമായി ഹോട്ടലുകളും രംഗത്തുണ്ട്. കണിക്കൊന്നയാണ് വിപണിയിലെ താരം. ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന കണിക്കൊന്നയും കണിവെള്ളരിയും ആകർഷകമായ വിലയിൽ നേരത്തെ ലഭ്യമാണ്. വീടുകളിൽ വിഷുസദ്യ ഒരുക്കുന്നതിനാവശ്യമായ പച്ചക്കറികൾ ഒന്നിച്ചു വാങ്ങാനും സൗകര്യമുണ്ട്.
22 ഇനം വിഭവങ്ങളുമായി ഗംഭീര വിഷു സദ്യയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പാലട പായസം മുതൽ അവിയലും തോരനും കൂട്ടുകറിയും ഉൾപ്പെടെ 29.50 റിയാലാണ് വില. സഫാരി ഹൈപ്പർമാർക്കറ്റ് 25 വിഭവങ്ങളുമായി സദ്യ 32 റിയാലിനും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 23 വിഭവങ്ങളടങ്ങിയ സദ്യ 27 റിയാലിനും ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഏപ്രിൽ ആദ്യവാരം ആരംഭിച്ച ബുക്കിങ്ങിന് നേരത്തെ തന്നെ തിരക്കേറിയതായി വിവിധ ഹൈപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. പ്രമുഖ ഹോട്ടലുകളും റസ്റ്റാറന്റുകളും രുചിവൈവിധ്യങ്ങളുടെ സദ്യവട്ടവും അവതരിപ്പിക്കുന്നുണ്ട്. പ്രവാസത്തിലാണെങ്കിലും നാടിന്റെ രുചി നഷ്ടമാവില്ലെന്ന വാഗ്ദാനവുമായി ‘സാതർ റെസ്റ്റാറന്റ്’ 30ലേറെ വിഭവങ്ങളുമായി ഒരുക്കുന്ന സദ്യക്ക് 39 റിയാലാണ് നിരക്ക്. കാലിക്കറ്റ് ഷെഫ് സ്പെഷൽ വിഷു സദ്യ 35 റിയാലിനും വാഗ്ദാനം ചെയ്യുന്നു.
കൊന്നപ്പൂവ്, വെള്ളരി, ചക്ക, തേങ്ങ ഉൾപ്പെടെ വിഷുക്കണി കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയും വിഷു വിപണിയുടെ ഭാഗമായി ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കസവ് മുണ്ടുകൾ, സാരി, കുർത്ത തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളുടെയും വിപണി വിഷുവിന് മുന്നോടിയായി സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.