ദോഹ: ഇന്ത്യയിൽ കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പിയെ നേരിടാൻ കഴിയില്ലെന്ന് സി.പി.ഐ അഖിലേന്ത്യ നേതാവും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ പറഞ്ഞു. യുവകലാസാഹിതി 17ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ അവർ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
പ്രാദേശിക പാർട്ടികളും ദേശീയതലത്തിൽ ശക്തരായ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമെല്ലാം ഒന്നിച്ചുനിന്നാൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കാം -അവർ വിശദീകരിച്ചു
ചില ബോധ്യങ്ങളിലൂടെ മാത്രമേ പ്രതിപക്ഷ പാർട്ടി ഐക്യം സാധ്യമാവൂ. ദേശീയതലത്തിൽ ഒരു മുന്നണി രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് സാധ്യമല്ല. വിവിധ സംസ്ഥാനങ്ങളും മേഖലകളും കേന്ദ്രീകരിക്കുന്ന പ്രാദേശിക പാർട്ടികളെ ഒന്നിച്ചുനിർത്തി സംഘ്പരിവാറിനെ നേരിട്ടാൽ മാത്രമേ ദേശീയതലത്തിൽ ഭരണമാറ്റം വരുത്താൻ സാധിക്കൂ. പ്രാദേശിക പാർട്ടികൾക്ക് അവരവരുടെ താൽപര്യങ്ങളുണ്ട്. അതിനപ്പുറം, ദേശീയ താൽപര്യത്തിലേക്ക് പാർട്ടികൾ ഒന്നിക്കണം’-ആനി രാജ പറഞ്ഞു.
സ്ത്രീയുടെ ഭ്രൂണത്തെയും ഗർഭാശയത്തെയും വരെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് രാജ്യത്ത് ഫാഷിസം പിടിമുറുക്കിയിരിക്കുന്നുവെന്ന് നിലവിലെ ദേശീയ രാഷ്ട്രീയത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് ആനി രാജ പറഞ്ഞു. ‘ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ കേൾക്കേണ്ടതും പഠിക്കേണ്ടതും സംസ്കൃതമാണെന്ന് പറഞ്ഞ് രാജ്യത്തെ മുൻനിര സർവകലാശാലകളിൽ സെമിനാറുകൾ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്ന നിലയിലേക്ക് ഫാഷിസം വളർന്നിരിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെ 90 ശതമാനവും ഫാഷിസം വിഴുങ്ങി.
ചിതലിനെ പോലെ എല്ലായിടത്തേക്കും കടന്നു കയറുന്നു. ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും ഫാഷിസം ശക്തിപ്രാപിച്ചു. പാർലമെന്റിനെ ജനങ്ങൾക്കും തൊഴിലാളികൾക്കും എതിരാക്കി മാറ്റി. ഇലക്ട്രൽ ബോണ്ടിലൂടെ അഴിമതിയും നിയമപരമാക്കി. ഈ ശക്തിയെ ഒറ്റക്കുനിന്ന് തോൽപിക്കാൻ കഴിയുമെന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കിൽ അതൊരു മൂഢധാരണയാണ്. എല്ലാ മതേതര, ജനാധിപത്യ പാർട്ടികളും ചിന്തകളും ഒന്നിച്ചു നിന്നാലെ ഫാഷിസത്തെ തോൽപിക്കാൻ കഴിയൂ’-ആനി രാജ വ്യക്തമാക്കി.
തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയാൽ അവരെ കുറിച്ച് ഒന്നും പറയാനോ വിമർശിക്കാനോ പടില്ല എന്നത് തെറ്റായ വിശ്വാസമാണെന്ന് ആനി രാജ ചൂണ്ടിക്കാട്ടി. ‘സർക്കാർ വിരുദ്ധ വിമർശനങ്ങൾ ഭരണാധികാരികളെ മോശമായി ചിത്രീകരിക്കാനുള്ളതല്ല.
ഒരു ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ ഈ സർക്കാർ ശരിയായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശിക്കുന്നത്. പലപ്പോഴും കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും എത്തിക്കാറുണ്ട്. ഇതെല്ലാം അദ്ദേഹം ഗൗരവത്തിലെടുക്കുകയും ആവശ്യമായ തിരുത്തൽ വരുത്താറുമുണ്ട്. ഇടപെടലുകളും വിമർശനങ്ങളും ഒരിക്കലും ശത്രുപക്ഷത്തുനിന്നല്ല, ഒപ്പം നിന്നുള്ളതാണ്’-ആനി രാജ പറഞ്ഞു.
‘മാറുന്ന കാലത്തിനൊപ്പം കമ്യൂണിസ്റ്റുകാരും മാറണം. പല കാലങ്ങളായി ഉപയോഗിച്ചുവരുന്ന വാക്കുകളും രാഷ്ട്രീയമായി തെറ്റാണെന്ന് മനസ്സിലാക്കണം. മാറ്റങ്ങൾക്കു മുന്നിൽനിന്ന് നേതൃത്വം നൽകേണ്ടവരാണ് കമ്യൂണിസ്റ്റുകൾ. ലോകം മുഴുവൻ സ്ത്രീകളുടെ മുന്നേറ്റം നടക്കുന്നുണ്ട്.
അപ്പോൾ ലിംഗസമത്വവും ലിംഗ നീതിയും നയിക്കേണ്ടവരാണ് കമ്യൂണിസ്റ്റുകൾ. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റുകൾ അതി ജാഗ്രത പാലിക്കണം. ഉപയോഗിക്കുന്ന വാക്കുകളിൽ സൂക്ഷ്മത വേണം’-ലിംഗ നീതിയുടെയും സ്ത്രീമുന്നേറ്റത്തിന്റെയും കാലത്ത് കമ്യൂണിസ്റ്റുകാരും മാറണമെന്ന് ഇ.പി. ജയരാജന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി ആനി രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.