ദോഹ: ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് ഫണ്ടില്ലാതെ ചെക്ക് നൽകിയാൽ എന്താണ് ശിക്ഷ? പരാതികൾ നൽകാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം? ഇങ്ങനെ നിയമപരമായ സംശയങ്ങൾക്ക് ഒരു ക്ലിക്ക് അകലെ ഉത്തരവുമായി കാത്തിരിക്കുകയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ‘സ്മാർട്ട് അസിസ്റ്റന്റ്’. പബ്ലിക് പ്രോസിക്യൂഷൻ വെബ്സൈറ്റിലെ ചാറ്റ് ബോട്ട് വഴി ചോദ്യങ്ങൾ ടൈപ് ചെയ്തും മൈക്രോ ഫോൺ വഴി ചോദ്യങ്ങൾ ചോദിക്കാം. നിയമ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനമാണ് തയാറാക്കിയത്.
നിർമിത ബുദ്ധിയിലധിഷ്ഠിതമായ ‘മുസൈദ്, അവതാർ’ എന്നീ ചാറ്റ് ബോട്ടുകൾ ആവശ്യക്കാരന് ഉത്തരം നൽകാൻ സജ്ജമാണ്. പീനൽ കോഡ്, ക്രിമിനൽ നടപടിക്രമങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ, ഗതാഗത നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, പ്രവാസികളുടെ എൻട്രി-എക്സിറ്റ്-റെസിഡൻസി നിയമങ്ങൾ, സൈബർ ക്രൈം തുടങ്ങി 41ഓളം വിഭാഗം നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഇവിടെ ഉത്തരമുണ്ട്.
നിയമപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൃത്യവും സമഗ്രവുമായ വിവരങ്ങൾ നൽകുകയും ഇലക്ട്രോണിക് സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുകയുമാണ് സ്മാർട്ട് അസിസ്റ്റന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഉപയോക്താക്കൾക്ക് ടൈപ് ചെയ്തോ നേരിട്ട് വോയിസ് കമ്യൂണിക്കേഷൻ വഴിയോ സംവദിക്കാൻ സ്മാർട്ട് അസിസ്റ്റന്റ് വഴി സാധിക്കും. പ്രതികരണങ്ങൾ രേഖാമൂലവും പബ്ലിക് പ്രോസിക്യൂഷൻ വികസിപ്പിച്ച അവതാർ ക്യാരക്ടർ വഴിയും ലഭ്യമാകും.
ആദ്യഘട്ടത്തിൽ സ്മാർട്ട് അസിസ്റ്റന്റിന്റെ ഫലങ്ങളും പ്രതികരണങ്ങളും വിലയിരുത്തുമെന്നും, രണ്ടാം ഘട്ടത്തിൽ ഉപയോക്താക്കൾക്ക് അവരുടെ കേസുകൾ സംബന്ധിച്ച് അന്വേഷിക്കാനും നേരിട്ട് അപേക്ഷകൾ സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. https://eservices.pp.gov.qa എന്ന ലിങ്ക് വഴി സേവനം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.