ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഖത്തറിന് മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ യാത്രയെന്ന് സൂപ്പർ താരം അക്രം അഫീഫ്.തുടർച്ചയായി ഏഷ്യൻ കപ്പ് ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പ് ആതിഥേയരുമായ ഖത്തർ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ നിലവിൽ നാലാമതാണ്. ആറ് ടീമുകളുള്ള ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് ടീമുകൾക്കാണ് നേരിട്ട് യോഗ്യത നേടാനാകുക.
‘ലോകകപ്പ് യോഗ്യതാ യാത്രയിൽ വലിയ വെല്ലുവിളികളിലൂടെയാണ് ഖത്തറിന്റെ യാത്ര. ഏഷ്യൻ കപ്പിൽ നിന്നും ഏറെ വ്യത്യസ്തമാണ് സാഹചര്യങ്ങൾ’ -ഏഷ്യൻ ഫുട്ബാളർ പുരസ്കാരം നേടിയശേഷം നൽകിയ അഭിമുഖത്തിലാണ് അക്രം അഫീഫ് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിനെ കുറിച്ച് സംസാരിച്ചത്.
‘ദീർഘകാലം നീണ്ടുനിൽക്കുന്ന യോഗ്യത റൗണ്ട് ഒരു ടൂർണമെന്റിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഇവിടെ നേരിട്ട് യോഗ്യത നേടിയില്ലെങ്കിൽ പ്ലേ-ഓഫ് മത്സരങ്ങളിലൂടെയുള്ള അവസരങ്ങളുമുണ്ട്. അതിനാൽ ഇതൊരു മാരത്തൺ പോലെയാണ്. ഇതുവരെയുള്ള മത്സരഫലങ്ങളിലും പോയന്റുകളിലും ഞങ്ങൾ സന്തുഷ്ടരല്ല. കളിക്കാരെന്ന നിലയിൽ പരമാവധി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫലങ്ങളുണ്ടായിട്ടുണ്ട്.
ഇതെല്ലാം ഫുട്ബാളിന്റെ ഭാഗമാണ്. എങ്ങനെ തിരിച്ചുവരാമെന്നും, വിജയങ്ങൾ നേടാമെന്നും, ആരാധകരെ സന്തോഷിപ്പിക്കാമെന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടത്’ -ഫിഫ ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ ഗ്രൂപ്പിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇറാനും ഉസ്ബകിസ്താനുമാണ് മുന്നിൽ.
നാല് മത്സരങ്ങളിൽനിന്ന് നാല് പോയന്റ് മാത്രമാണ് ഖത്തറിന്റെ സമ്പാദ്യം. നവംബർ 14ന് ഉസ്ബകിസ്താനെ സ്വന്തം നാട്ടിൽ വെച്ച് നേരിടാനൊരുങ്ങുന്ന ഖത്തർ അഞ്ച് ദിവസങ്ങൾക്ക് ശേഷം യു.എ.ഇയെ അവരുടെ നാട്ടിൽ വെച്ച് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.