ദോഹ: ഫിഫ ലോകകപ്പ് വേദികളിൽനിന്നുള്ള മാലിന്യങ്ങൾ പുനരുപയോഗപ്പെടുത്തുകയോ ഹരിതോർജമാക്കി മാറ്റുകയോ ചെയ്ത് അധികൃതർ. ലോകകപ്പിന് വേദിയൊരുക്കിയ സ്റ്റേഡിയങ്ങളിൽനിന്നുള്ള മാലിന്യങ്ങളുടെ 28 ശതമാനമാണ് ഹരിതോർജമാക്കി മാറ്റിയത്. മണിക്കൂറിൽ 558,349 കിലോവാട്ട് ഊർജമാണ് ഇതുവഴി ഉൽപാദിപ്പിച്ചത്. ബാക്കിയുള്ള 72 ശതമാനം മാലിന്യങ്ങൾ പുനരുപയോഗത്തിന് സജ്ജമാക്കി. ഇതുവഴി 797 ടൺ വളം, 202 ടൺ പ്ലാസ്റ്റിക്, 65 ടൺ പേപ്പറും കാർഡ്ബോർഡും 60 ടൺ മെറ്റൽ, നാലു ടൺ ഗ്ലാസ് എന്നിവ ഉൽപാദിപ്പിച്ചു. നവംബർ 20 മുതൽ ഡിസംബർ 18വരെ നടന്ന ടൂർണമെന്റിനിടെ സ്റ്റേഡിയങ്ങളിൽനിന്ന് മൊത്തം 2173 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്.
പ്രാദേശികമായി പ്രവർത്തിക്കുന്ന റീസൈക്ലിങ് ഫാക്ടറികളിലേക്ക് പേപ്പർ, കാർഡ് ബോർഡ്, പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ് എന്നിവ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളിലേക്ക് 1129 ടൺ അസംസ്കൃത വസ്തുക്കൾ നൽകിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെന്റ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഹമദ് ജാസിം അൽ ബഹ്ർ പറഞ്ഞു. മാലിന്യങ്ങളില്ലാത്ത, കാർബൺ രഹിതവും പരിസ്ഥിതി സൗഹൃദവുമായ ലോകകപ്പ് എന്ന ഉറപ്പ് ഖത്തർ പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 14 ലക്ഷം ആരാധകർ വന്നുപോയ ലോകകപ്പിൽ മാലിന്യം പുനരുപയോഗം ചെയ്യുകയോ ഹരിതോർജമായി മാറ്റുകയോ ചെയ്തത് വലിയ നേട്ടമാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമാണിത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും സ്വകാര്യ മേഖലയുടെയുമൊക്കെ നിറഞ്ഞ സഹകരണം അതിന് കരുത്തുപകർന്നതായി ഹമദ് ജാസിം അൽ ബഹ്ർ ചൂണ്ടിക്കാട്ടി. ജനറൽ ക്ലീൻലിനെസ് ഡിപ്പാർട്മെന്റ് നവംബർ 20 മുതൽ ഡിസംബർ 18വരെ ടൂർണമെന്റിനിടെ മൊത്തം 54,865 ടൺ മാലിന്യമാണ് ശേഖരിച്ചത്. 12.230 ജോലിക്കാരും സൂപ്പർവൈസർമാരും ഇതിനായി രംഗത്തുണ്ടായിരുന്നു. 1627 ട്രക്കുകളും ക്ലീനിങ് ഉപകരണങ്ങളും സജ്ജമാക്കി.
മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ ഖരമാലിന്യ കൈകാര്യ കേന്ദ്രമായ മെസഈദിലെ സെന്ററാണ് മാലിന്യസംസ്കരണത്തിന് ചുക്കാൻപിടിച്ചത്. വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനുകളിൽനിന്നുള്ള മുഴുവൻ മാലിന്യവും ഇവിടെ കൈകാര്യംചെയ്തു. ഇവിടെയാണ് ക്ലീൻ എനർജി ഉൽപാദനം നടന്നത്. ഹരിത, ഓർഗാനിക് വളങ്ങളും ഇവിടെ ഉൽപാദിപ്പിച്ചു. പുനരുപയോഗ യോഗ്യമായ മാലിന്യങ്ങളുടെ തരംതിരിവും നടന്നു. ഓരോ ദിവസവും 2300 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് മെസഈദിലെ സെന്റർ. ടൂർണമെൻറിന് മുമ്പും ടൂർണമെൻറ് കാലയളവിലും സുപ്രീം കമ്മിറ്റിയും ഫിഫയും ഫിഫ ലോകകപ്പ് ഖത്തർ എൽ.എൽ.സിയും മാലിന്യസംസ്കരണത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്ക് ഊന്നൽനൽകിയിരുന്നു.
മാലിന്യങ്ങൾ കുറക്കുകയും പുനരുപയോഗം വർധിപ്പിക്കുകയും ചെയ്യുക എന്നത് ഖത്തർ ലോകകപ്പ് സുസ്ഥിരതാ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരമായി കമ്പോസ്റ്റബിൾ, പുനരുപയോഗിക്കാവുന്ന ബദൽ വസ്തുക്കൾ എന്നിവ സംഘാടകർ നടപ്പാക്കി. വിശാലമായ കർമപരിപാടിയുടെ ഭാഗമായി എട്ട് സ്റ്റേഡിയങ്ങളിലും മാലിന്യം വേർതിരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. ഖത്തറിലുടനീളം ഇതുമായി ബന്ധപ്പെട്ട് നിരവധി ആക്ടിവേഷൻ പരിപാടികളാണ് നടപ്പാക്കിയത്. ഖത്തരി കമ്പനിയായ അപെക്സ് വേസ്റ്റ് സൊലൂഷൻസ് ആൻഡ് മാനേജ്മെന്റും ഈ ലക്ഷ്യത്തിൽ നിർണായക പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.