ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ നടക്കും.സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പടർന്നുകൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ഖത്തറിലെ ഏറ്റവും വലിയ സംഗമത്തിനാണ് അൽ അറബി സ്പോർട്സ് ക്ലബ് വേദിയാകുന്നത്.
ഡി.ഐ.സി.ഐ.ഡി മേധാവി ഡോ. മുഹമ്മദ് അൽ ഗാമിദി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഖത്തർ ചാരിറ്റി ലോക്കൽ പ്രോജക്ട്സ് ഡിപ്പാർട്മെന്റ് തലവൻ ഫരീദ് ഖലീൽ അൽ സിദ്ദീഖി മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജ്യൻ ആൻഡ് സൊസൈറ്റി മേധാവി റവ. ഡോ. വൈ.ടി വിനയരാജ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധി സഭാംഗം ഡോ. നഹാസ് മാള, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ഖാസിം ടി.കെ എന്നിവർ മുഖ്യാതിഥികളായിരിക്കും. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിക്കും. ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദോഹ: ദോഹ റമദാൻ മീറ്റിനോടുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘റമദാൻ ക്വസ്റ്റ്’ മെഗാ ലൈവ് ക്വിസ് വെള്ളിയാഴ്ച ഉച്ചക്കുശേഷം 3:30ന് അൽഅറബി സ്റ്റേഡിയം ഇൻഡോർ ഹാളിൽ നടക്കും. 20 മുതൽ 40 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് മെഗാ ക്വിസിൽ പങ്കെടുക്കാം. ഒരേസമയം പരമാവധി 400 ആളുകൾ പങ്കെടുക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇസ്ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഖത്തറിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായി ‘റമദാൻ ക്വസ്റ്റ്’ മാറുമെന്നും സംഘാടകർ അറിയിച്ചു. ഖുർആൻ, റമദാൻ, ഇസ്ലാമിക ചരിത്രം, മുസ്ലിം ലോകം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. കഹൂത് പ്ലാറ്റ്ഫോം വഴിയാണ് മത്സരം നടക്കുക. മത്സരാർഥികൾ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ഫോണുമായാണ് മത്സരത്തിനെത്തേണ്ടത്. ആദ്യ വിജയികളായ അഞ്ചുപേർക്ക് സ്വർണനാണയമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.