വിവാഹ ഇന്നിങ്സിന്‍െറ ത്രില്ലില്‍ ഇര്‍ഫാന്‍ പറയുന്നു,  ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരുമെന്ന് 

റിയാദ്: ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരവധി കളിമുറ്റങ്ങളുടെ നടുത്തളത്തിന് തീ പിടിപ്പിച്ച ഇര്‍ഫാന്‍ പത്താന്‍ ജീവിതത്തിന്‍െറ പുതിയ ഇന്നിങ്സിന്‍െറ ത്രില്ലിലാണിപ്പോള്‍. ഫെബ്രുവരി നാലിനാണ്  ജിദ്ദയില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹം നടന്നത്. ജിദ്ദയില്‍ താമസിക്കുന്ന ഹൈദരാബാദുകാരനായ മിര്‍സ ഫാറൂഖ് ബെയ്ഗിന്‍െറ മകള്‍ സഫ ബെയ്ഗിന്‍െറ കരം പിടിച്ച ഈ ഇടം കൈയന്‍ പെയ്സ് ബൗളര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരിക്കല്‍ കൂടി തിരിച്ചു വരവ് നടത്താനുള്ള തീവ്ര ശ്രമത്തിലാണെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദില്‍ ബാങ്ക് അല്‍ ജസീറയുടെ മണി എക്സ്ചേഞ്ച് വിഭാഗമായ ഫൗരിയുടെ റിയാദ് ബത്ഹ അല്‍ഗസ്സാലി ശാഖയില്‍ ഐ.സി.സി ട്വന്‍റി ട്വന്‍റി ലോക കപ്പ് പ്രദര്‍ശിപ്പിക്കുന്ന ചടങ്ങില്‍ അതിഥിയായി എത്തിയ താരം ‘ഗള്‍ഫ് മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് മനസ്സു തുറന്നത്.  ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും മോഡലും പി.ആര്‍. കമ്പനി ജീവനക്കാരിയുമായ സഫ ബെയ്ഗിനെ എവിടെ വെച്ചാണ് കണ്ടുമുട്ടിയതെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇര്‍ഫാന്‍ തയാറായില്ല. സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ നില്‍ക്കട്ടെ എന്നായിരുന്നു മറുപടി. വിവാഹ ജീവിത്തില്‍ അങ്ങേയറ്റം സന്തോഷവാനാണ്. ജിദ്ദയുടെ മരുമകനാവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. വിവാഹ ശേഷം തിരിച്ചു പോയ ഇര്‍ഫാന്‍ മൂന്ന് ദിവസം മുമ്പാണ് വീണ്ടും സൗദിയിലത്തെിയത്. ഫൗരിയുടെ മണിഗ്രാമാണ് ട്വന്‍റി ട്വന്‍റി ട്രോഫി സൗദിയിലത്തെിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങുമെന്നും മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യ വാരത്തിലോ പുണെ ടീമിന്‍െറ കൂടെ ചേരുമെന്നും ഇര്‍ഫാന്‍ പറഞ്ഞു. വരാനിരിക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റ് സീസണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് പുണെ ടീമിനെ നയിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതിന്‍െറ ആത്മവിശ്വാസത്തിലാണ് മുന്‍ ഇന്ത്യന്‍ താരം ടീമിലേക്ക് മടങ്ങി വരാനാവുമെന്ന് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്വപ്നമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത്. ഒരു ക്രിക്കറ്റ് താരത്തിന് കിട്ടുന്ന ഏറ്റവും വലിയ ആദരവാണത്. അതുകൊണ്ട് തന്നെ അതിനുവേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ്. ഈയിടെ സമാപിച്ച മുശ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്താനായി. ബറോഡ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ഫൈനലിലത്തെിക്കാനായി. 
ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറും ആസാമിനെതിരെ അഞ്ചു വിക്കറ്റും അടക്കം ടൂര്‍ണമെന്‍റില്‍ 200 വിക്കറ്റുകള്‍ വീഴ്ത്താനായി. ഫൈനലില്‍ യൂ.പിയോട് തോറ്റെങ്കിലും മികച്ച നേട്ടമാണ് കൈവരിക്കാനായത്. ഫൈനല്‍ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്താന്‍ മാത്രമേ സാധിച്ചുള്ളൂ. 10 റണ്‍ എടുക്കുന്നതിനിടെ ഒൗട്ടാവുകയും ചെയ്തു. എന്നാലും ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ ഫൈനലിലത്തെിച്ചത് നേട്ടമായി കരുതുന്നു. ടൂര്‍ണമെന്‍റില്‍ മൊത്തത്തില്‍ എന്‍െറ ബാറ്റിങ് ആവറേജ് 150 റണ്‍സായിരുന്നു. രഞ്ജി ട്രോഫിയിലും നല്ല പ്രകടനം കാഴ്ചവെക്കാനായി. സ്ഥിരതയോടെ പന്തെറിയാനാവുന്നുണ്ട്. ബാറ്റിങിലും ഫോം നിലനിര്‍ത്താനാവുന്നുണ്ട്. ഈ പ്രകടനം ഐ.പി.എല്ലിലും തുടരാനാവുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ധാരാളം മത്സരങ്ങളുള്ളതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗുകളില്‍ പങ്കെടുക്കാറില്ല. നമ്മുടെ രാജ്യത്ത് തന്നെ നിരവധി അവസരങ്ങളുണ്ടാവുമ്പോള്‍ എന്തിനാണ് പുറത്ത് പോകുന്നത്. വരാനിരിക്കുന്ന കുട്ടി ക്രിക്കറ്റിന്‍െറ ലോക കപ്പില്‍ ഇന്ത്യക്ക് മികച്ച സാധ്യതയാണുള്ളതെന്നും നേരത്തേ ലോക കപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന പത്താന്‍ പറഞ്ഞു. എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ആസ്ത്രേലിയയില്‍ അടുത്തിടെ സമാപിച്ച ട്വന്‍റി ട്വന്‍റി പരമ്പരയില്‍ ശക്തരായ എതിരാളികളെ തോല്‍പിക്കാനായി. അതിന് പുറമെ ശ്രീലങ്കയെയും നമ്മള്‍ തോല്‍പിച്ചു. ഈ ഫോം നിലനിര്‍ത്തിയാല്‍ ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ടീമിന് മികച്ച സാധ്യതകളാണുള്ളത്. സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ യൂസുഫ് പത്താനും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. 
ജിദ്ദയില്‍ നടന്ന വിവാഹ ചടങ്ങില്‍ യൂസുഫും പങ്കെടുത്തിരുന്നു. ജീവിതത്തില്‍ പുതിയ ഇന്നിങ്സിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണത്. ഏറെ മധുരതരമായാണ് ദിവസങ്ങള്‍ മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. കഠിനാധ്വാനവും അര്‍പ്പണവുമുണ്ടെങ്കില്‍ ലക്ഷ്യം നേടാനാവുമെന്നാണ് ഉറച്ച വിശ്വാസമെന്നും അതിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.