അതിവേഗ ട്രെയിനോടിക്കാൻ സ്ത്രീകളും; 31 വനിത ലോക്കോ പൈലറ്റുമാർ പരിശീലനം തുടരുന്നു

ജിദ്ദ: സൗദിയിൽ ഇനി അതിവേഗ ട്രെയിനുകൾ സ്ത്രീകൾ ഓടിക്കും. 31 സ്വദേശി വനിതകൾ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുഴുവൻ പരീക്ഷകളും പരിശീലനവും ഡിസംബറിൽ പൂർത്തിയാകുന്നതോടെ ഇവർ സൗദി നഗരങ്ങൾക്കിടയിൽ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങൾ, സുരക്ഷ, അപകടങ്ങൾ, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ വനിതകൾ പരിശീലനം പൂർത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.

സൗദിയിൽ റെയിൽവേ ഗതാഗതം വിപുലമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ട്രെയിനുകൾ ഓടിക്കാൻ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്. സ്വദേശികളായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ, പ്രത്യേകിച്ച് റെയിൽവേ രംഗത്ത് ഒരുക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം തുടരുന്നതോടെ അടുത്തവർഷങ്ങളിൽ സ്ത്രീകളായ ട്രെയിൻ ഡ്രൈവർമാരുടെ എണ്ണം ഇനിയും വർധിക്കും. രാജ്യത്തിനുള്ളിൽ പൊതുവെയും ഹജ്ജ്, ഉംറ സീസണുകളിൽ പ്രത്യേകിച്ചും ട്രെയിൻ യാത്രക്കാരുടെ എണ്ണം വരുംവർഷങ്ങളിൽ ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - 31 women loco pilots continue training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.