ജിദ്ദ: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇരു മന്ത്രാലയങ്ങളുടെയും യോജിച്ചുള്ള ശ്രമത്തിെൻറ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര തൊഴിൽ വിപണിയിലെ സ്വദേശി പങ്കാളിത്തത്തിെൻറ തോത് ഉയർത്തുന്ന ഈ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും ദന്ത ജോലിയുടെ പ്രത്യേകതകൾക്കും അനുസൃതമായി ഇത് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. സ്വദേശികളെ ജോലിക്കെടുക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ സേവനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും.
അനുയോജ്യരായ ഉദ്യോഗാർഥികളെ ആകർഷിക്കുന്നതിനും തിരയുന്നതിനുമുള്ള പിന്തുണ, ആവശ്യമായ പരിശീലനത്തിനുള്ള സൗകര്യം, റിക്രൂട്ട്‌മെൻറ്, കരിയർ തുടർച്ച എന്നിവയ്ക്കുള്ള പിന്തുണ, സ്വദേശിവത്കരണത്തിന് വേണ്ടി സജ്ജീകരിച്ച വിവിധ പ്രോഗ്രാമുകളുടെ പ്രയോജനം നേടുന്നതിലുള്ള മുൻഗണന, മാനവവിഭവശേഷി നിധി വഴിയുള്ള പിന്തുണ തുടങ്ങിയ സേവനങ്ങളാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് ലഭിക്കുക.
ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. അത് സംബന്ധിച്ച ഗൈഡും അന്ന് പുറത്തിറക്കിയിരുന്നു.
2022 ഏപ്രിൽ 11 ന് ആദ്യ ഘട്ട തീരുമാനം പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനം ബാധകമായിരുന്നത്. എല്ലാത്തരം ദന്തൽ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണമെന്ന പരിധിയിൽ വരുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.