റിയാദ്: ആഗോള മലയാളികളുടെ പ്രതിനിധികൾ സംഗമിക്കുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടക്കമാകുമ്പോൾ പ്രവാസി മലയാളികൾ പ്രതീക്ഷയിലാണ്. ഗൾഫിലെ പ്രവാസിസമൂഹം നേരിടുന്ന വ്യത്യസ്ത വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചയും തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നാണ് അവർക്കിടയിൽനിന്നുയരുന്ന അഭിപ്രായം. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഇപ്പോഴും മരീചികയാണ്. ഓരോ സഭയിലെയും ഗൾഫ് പ്രവാസികളെ ബാധിക്കുന്ന പല തീരുമാനങ്ങളും പ്രാവർത്തികമാകുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇതുവരെയുള്ള വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പലതും പാലിക്കപ്പെടാതെ വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. രണ്ടു വർഷത്തിൽ രണ്ടു ദിവസത്തെ ചർച്ച കൊണ്ട് തീരുന്നതല്ല പ്രവാസികളുടെ പ്രശ്നങ്ങളെന്നും കെ.എം.സി.സി നാഷനൽ ജനറൽ സെക്രട്ടറിയും ലോക കേരളസഭഅംഗവുമായ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
സൗദി അറേബ്യയിൽ നടക്കാനിരുന്ന മേഖല സമ്മേളനം സാധാരണക്കാരായ തൊഴിലാളികളുടെയും ചെറുകിട വ്യാപാര സമൂഹത്തിന്റെയും നിരവധി പ്രശ്നങ്ങൾ നേരിട്ടറിയാനുള്ള അവസരമായിരുന്നു. അത് നടക്കാതെ പോയതിലൂടെ പറയാനും കേൾക്കാനുമുള്ള അവസരം നഷ്ടമായെന്നും കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറിയും ലോകകേരളസഭ അംഗവുമായ കെ.പി.എം. സാദിഖ് പറഞ്ഞു. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഒരു വേദിയാണ് ലോകകേരളസഭ എന്ന ആശയം. അത് ഏതൊക്കെ രീതിയിൽ പ്രവാസികൾക്ക് ഉപകാരപ്രദമാക്കാൻ കഴിയുമെന്ന ചർച്ചകളാണ് കഴിഞ്ഞ മൂന്ന് സഭകളിൽ നടന്നത്. ചിലതെല്ലാം പ്രാവർത്തികമാക്കാനും കഴിഞ്ഞിട്ടുണ്ട്. തുടർചർച്ചകളും പുതിയ കാലത്ത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരവും നാലാം സഭ ചർച്ച ചെയ്യും.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയിൽ സംസാരിക്കുമെന്നും ലോകകേരളസഭ അംഗം ഇബ്രാഹീം സുബ്ഹാൻ പറഞ്ഞു. സഭ കൊണ്ടുള്ള ഗുണങ്ങളൊന്നും സാധാരണ പ്രവാസികളിലേക്ക് എത്തിയിട്ടില്ല. ചർച്ചകളല്ലാതെ പ്രാവർത്തികമാക്കിയ പദ്ധതികൾ എന്താണുള്ളത്? ലോകകേരളസഭ എന്ന ആശയത്തെ വിമർശിക്കുകയോ ചെറുതായി കാണുകയോ ചെയ്യുന്നില്ലെങ്കിലും ഉപകാരപ്രദമല്ലെങ്കിൽ അതുകൊണ്ടെന്ത് പ്രയോജനമെന്ന് ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള ചോദിച്ചു.
പ്രവാസി സമൂഹത്തെ കേരള സർക്കാർ വലിയ പരിഗണനയോടെ കാണുന്നതാണ് ലോകകേരളസഭയെന്നും സഭയിലെത്തുന്ന പ്രശ്നങ്ങൾക്ക് സാധ്യമാകുന്ന രീതിയിൽ പരിഹാരം കാണുന്നുണ്ടെന്നും എന്നാൽ അതുപോരാ, പ്രവാസികളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് ആഴമേറെയുണ്ടെന്നും പഠിച്ചുപരിഹരിക്കാൻ വരും സഭ സമ്മേളനങ്ങൾക്ക് സാധിക്കണമെന്നും നവോദയ റിയാദ് പ്രതിനിധി സുധീർ കുമ്മിൾ പറഞ്ഞു. യാത്രാദുരിതവും തൊഴിൽരഹിതരായി നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസ പദ്ധതികളും സഭ ഗൗരവപൂർവം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവത്കരണം ഉൾപ്പെടെയുള്ള പരിവർത്തന പദ്ധതികൾ വഴി തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണുണ്ടായിട്ടുള്ളതെന്നും തൊഴിൽ രഹിതരായി നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തിന് ഫലപ്രദമായ പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന ആക്ഷേപങ്ങളാണ്. 103 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽനിന്നും പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന സഭയിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.