ജിദ്ദ: ജിദ്ദയിൽനിന്നും 100 കി.മീ അകലെ സ്ഥിതിചെയ്യുന്ന അൽ ഖുവാറിലെ കൃഷിയിടത്തിൽ ജിദ്ദ ചങ്ങാതിക്കൂട്ടം പ്രവർത്തകർ സന്ദർശനം നടത്തി. കേരളീയ മാതൃകയിൽ സംവിധാനിച്ചിരിക്കുന്ന കൃഷിയിടത്തിൽ വിവിധതരം കൃഷികളും മാവ്, പ്ലാവ്, അത്തിമരം തുടങ്ങിയവയും ഉണ്ട്. മാവുകൾ നിറയെ പൂത്തു നിൽക്കുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്. കുഞ്ഞു ചക്കകളും നിറഞ്ഞു നിൽക്കുന്നു. രണ്ടുമാസത്തിനകം വിളവുകൾ പാകമാകുമെന്ന് കർഷകർ അറിയിച്ചു.
നിരവധി വാഴ, പപ്പായ തോട്ടങ്ങളും വെണ്ട, ചെറുനാരങ്ങ, മുലൂകിയ, പുതിന, ജെർജീർ തുടങ്ങിയ കൃഷികളും ഇവിടെ കാണാവുന്നതാണ്. ആഴമേറിയ കിണറുകളിൽനിന്നും ജനറേറ്ററിന്റെ സഹായത്താൽ മോട്ടോർ പമ്പുകൾ ഉപയോഗിച്ചു ജല വിതരണം നടത്തുന്നു. സൗദിയിലെ മണ്ണ് കൃഷികൾക്കനുകൂലമാണെന്ന് ഇത്തരം കൃഷിയിടങ്ങൾ തെളിയിക്കുന്നതായി ചങ്ങാതിക്കൂട്ടം പ്രവർത്തകർ അഭിപ്രായപ്പെട്ടു. അൽഖുവാറിലെ അൽ മർവാനി അണക്കെട്ടും, ഉസ്ഫാനിലെ കോട്ടയും, തുഫ്ൽ കിണറും യാത്രയിലെ മറ്റുകാഴ്ചകളായിരുന്നു. അൽവാഹ ടൂർ കോഓഡിനേറ്റർ കെ.ടി. മുസ്തഫ പെരുവള്ളൂർ, നൗഷാദ് വണ്ടൂർ, മുജീബ് പാറക്കൽ, അഡ്വ. ശംസുദ്ദീൻ, ആലിക്കോയ, അഷ്റഫ് മട്ടന്നൂർ, തൗഫീഖ് അസ്ലം തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.