പ്രവാസത്തിൽ 15 വർഷത്തോളമായി ആടുജീവിതം നയിക്കുന്ന ഒരു മലയാളിയെ എനിക്ക് നേരിട്ടറിയാം. റിയാദിൽനിന്ന് 200 കിലോമീറ്റർ ദൂരെ ഒരു ഗ്രാമത്തോട് ചേർന്നുള്ള മരുഭൂമിയിൽ. പക്ഷേ, നോവലിലോ സിനിമയിലോ കാണുന്ന തരം കൊടിയ ദുരിതജീവിതമല്ല അദ്ദേഹത്തിന്റേത്! എല്ലാ വർഷവും റമദാൻ തുടങ്ങുമ്പോഴേക്കും രണ്ടു മാസത്തേക്ക് നിർബന്ധമായും അവധി നൽകി തന്റെ ആട്ടിടയനെ കൈനിറയെ സമ്മാനങ്ങളുമായി നാട്ടിലേക്ക് പറഞ്ഞയക്കുന്ന ഒരു അറബിയും കുടുംബവുമുണ്ടിവിടെ. ആ കാട്ടിനുള്ളിൽ ഭക്ഷണം പാചകംചെയ്യാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും കഫീലിന്റെ വീട്ടിലെ ഭക്ഷണത്തിന്റെ രുചിയറിയുന്ന ഒരു ആട്ടിടയൻ... ഈ കുറിപ്പുകാരൻ ഒരു പെരുന്നാളിന് കുടുംബവുമായി അവിടെ ചെന്നപ്പോൾ, വളരെ സ്നേഹത്തോടെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒന്നിച്ചു ഭക്ഷണം കഴിക്കുകയും തിരിച്ച് റിയാദിലേക്ക് മടങ്ങാൻ നേരം കൂട്ടത്തിൽനിന്ന് മുന്തിയ ഒരു ആടിനെതന്നെ നിർബന്ധപൂർവം വണ്ടിയിൽ കയറ്റി തരുകയും ചെയ്ത, ഊഷ്മള ആതിഥേയത്വത്തിന്റെ മാതൃക കാട്ടിയ നല്ലൊരു കഫീലാണ് അദ്ദേഹം.
നെറ്റിയിൽനിന്നും വിയർപ്പുതുള്ളി വറ്റുന്നതിനുമുമ്പ്, തന്റെ തൊഴിലാളിക്ക് കൂലി കൊടുക്കാൻ പഠിപ്പിച്ച, ഒരു പ്രവാചകന്റെ കൽപനകൾ അക്ഷരംപ്രതി പാലിക്കുന്ന, അതുപോലുള്ള എത്രയോ അറബികൾ ഉണ്ടെന്ന് അനുഭവത്തിൽനിന്നുതന്നെ മനസ്സിലാക്കിയിട്ടുണ്ട്. കഥക്കും സിനിമക്കും അപ്പുറം യാഥാർഥ്യത്തിന് മറ്റൊരു മുഖമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.