റിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിന് ദിയ ധനം സമാഹരിക്കാൻ തയാറാക്കിയ അക്കൗണ്ടിൽ അക്കങ്ങൾ പെരുകിവരുമ്പോൾ റിയാദിൽ കുഞ്ഞോയിക്ക് നിൽക്കപ്പൊറുതി ഉണ്ടായിരുന്നില്ല. തീപാറുന്ന ഫുട്ബാൾ മത്സരം കണ്ട് ഗാലറിയിലിരിക്കുന്ന കളിപ്രേമിയുടെ ആവേശം കുഞ്ഞോയിയുടെ സിരകളിൽ പാഞ്ഞിരുന്നു. മിഴി ചിമ്മാതെ ലക്ഷങ്ങൾ കോടികളാകുന്ന കാഴ്ച കണ്ട് പലപ്പോഴും ദൈവത്തെ സ്തുതിച്ച് തക്ബീർ മുഴക്കി.
അബ്ദുൽ റഹീമിന്റെ നാട്ടുകാരനും റഹീമിന്റെ സഹോദരൻ നസീറിന്റെ സഹപാഠിയുമാണ് കുഞ്ഞോയി. റിയാദിൽ പ്രവാസിയായ കുഞ്ഞോയി 2006ൽ ഈ കേസിന്റെ തുടക്കം മുതൽ അഷ്റഫ് വേങ്ങാട്ടിനും യൂസുഫ് കാക്കഞ്ചേരിക്കുമൊപ്പം അവിശ്രമം പ്രയത്നിച്ചയാളാണ്. പണം സമാഹരിക്കാനുള്ള ശ്രമത്തിലും കുഞ്ഞോയി മുൻനിരയിലുണ്ടായിരുന്നു. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് മോചനം ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.
പലപ്പോഴും റഹീമിനെ ജയിലിൽ കാണാൻ ശ്രമിച്ചിട്ടുണ്ട്. രക്തബന്ധത്തിൽ അല്ലാത്തത് കൊണ്ട് അനുമതി നിഷേധിക്കുകയായിരുന്നു. റഹീം ജയിലിൽനിന്ന് ഫോണിൽ ബന്ധപ്പെടാറുണ്ട്. ഇന്നലെയും റഹീമിന്റെ കാൾ ഉണ്ടായിരുന്നെന്ന് കുഞ്ഞോയി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റഹീമിനായി പുറംലോകത്ത് നടക്കുന്ന സമാനതകളില്ലാത്ത മാനുഷിക പ്രവർത്തനം അറിയിച്ചപ്പോൾ, മറക്കാനാകാത്ത നന്ദിയുണ്ടാകുമെന്നും ഇനിയുള്ള കാലം അവർക്കായുള്ള പ്രാർഥനയാണെന്നും റഹീം പറഞ്ഞു.
‘ഓരോ അവധിക്ക് നാട്ടിൽ പോകുമ്പോഴും റഹീമിന്റെ ഉമ്മയെ കാണാൻ പോകും. എന്റെ കുട്ടിയുടെ കാര്യം എന്തായെന്ന് ചോദിച്ചു കൈപിടിച്ച് കരയും, എങ്ങനെയെങ്കിലും എന്റെ മുന്നിൽ എത്തിക്കാൻ കഴിയുമോയെന്ന് തേങ്ങലോടെ ചോദിക്കും. ആശ്വസിപ്പിക്കാൻ അന്ന് വാക്കുകൾ ഇല്ലായിരുന്നു. അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോൾ റഹീമിന്റെ ഉമ്മയുടെ സങ്കടം മൂടിയ മുഖത്തിന് പകരം മകനെ തിരിച്ചുകിട്ടിയതിന്റെ തെളിമ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ഞോയി പറഞ്ഞു. റഹീം നിയമ സഹായ സമിതിക്കും സുഹൃത്തുക്കൾക്കുമൊപ്പം മധുരം പങ്കിട്ടാണ് കുഞ്ഞോയി ആഹ്ലാദം ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.