റിയാദ്: ഈ ഡിസംബർ മാസമെത്തുമ്പോൾ റഹീം ജയിലിയായിട്ട് 18 വർഷം പൂർത്തിയാകും. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു.
മൂന്ന് അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. 17 വർഷത്തോളം കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി പല ഘട്ടങ്ങളിലും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല.
തുടർന്ന് കേസ് നടന്നു. കീഴ് കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധിയിലും മാറ്റമുണ്ടായില്ല.
വധശിക്ഷ ഉറപ്പായ ഘട്ടത്തിൽ വർഷങ്ങളായി തുടർന്ന അനുരഞ്ജന ശ്രമത്തിന് പച്ചക്കൊടി കണ്ടു. ഒന്നരക്കോടി സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുടുംബത്തിന്റെ വക്കീൽ ഇന്ത്യൻ എംബസിയെ അറിയിച്ചതോടെ റിയാദ് റഹീം സഹായസമിതി പണം സമാഹരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി.
ആദ്യഘട്ടമായി ഇക്കാര്യം മാർച്ച് 20ന് റിയാദിലെ പൊതുസമൂഹത്തെ അറിയിച്ചു. തുടർന്ന് സഹായസമിതി പൊതുയോഗം ചേർന്ന് പണം സമാഹരിക്കാൻ ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകാൻ തീരുമാനമെടുത്തു. അതിനായുള്ള പ്രാഥമിക നടപടികൾ അടിയന്തരമായി പൂർത്തിയാക്കി.
നാട്ടിൽ അബ്ദുൽ റഹീമിനെ സഹായിക്കാൻ കോഴിക്കോട് ആസ്ഥാനമാക്കി ട്രസ്റ്റ് രൂപവത്കരിച്ചു. പണം സമാഹരിക്കാൻ മൊബൈൽ ആപ്പും ദിവസങ്ങൾ കൊണ്ട് തയാറായി.
പണസമാഹരണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയായപ്പോൾ ലോകമലയാളികളുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരാനുള്ള കാമ്പയിന് തുടക്കമിട്ടു. രാഷ്ട്രീയ, മത, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ബോചെ ഉൾപ്പടെയുള്ള സെലിബ്രിറ്റികളും വഴി പണസമാഹരണ യജ്ഞത്തിന് തുടക്കമായി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ലോകത്താകമാനമുള്ള മലയാളികൾ കൈകോർത്തു.
ദിവസങ്ങൾ കൊണ്ട് ദിയാധനത്തെക്കാൾ വലിയ തുക മലയാളികൾ അക്കൗണ്ടിലേക്ക് ഒഴുക്കി. 47.87 കോടിയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽനിന്ന് ദിയാധനത്തിന് ആവശ്യമായ തുക റഹീം സഹായസമിതി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. റിയാദിലെ ഇന്ത്യൻ എംബസി വഴി ആ പണം ക്രിമിനൽ കോടതിയുടെ പേരിൽ ചെക്കാക്കി സമർപ്പിച്ചു.
റിയാദ് ഗവർണറേറ്റിൽവെച്ച് വാദി ഭാഗമായ സൗദി കുടുംബം ഇരുകക്ഷികളുടെയും സാന്നിധ്യത്തിൽ ചെക്ക് ഏറ്റുവാങ്ങി അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു.
ഗവർണറേറ്റ് രേഖകൾ കോടതിയിൽ എത്തിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിറങ്ങി. അന്നുതന്നെ മോചന ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള കേസ് ഫയലുകൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നതിനാൽ കേസ് പിന്നെയും നീണ്ടു.
ഒടുവിൽ ഒക്ടോബർ 21ന് കോടതി സിറ്റിങ്ങിന് സമയം അനുവദിച്ചു. റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അമ്പറിന് അറിയിപ്പ് നൽകി. എന്നാൽ സിറ്റിങ് ആരംഭിച്ച കോടതി ബെഞ്ച് ഈ കേസ് പരിഗണിക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കണമെന്ന് നിർദേശിച്ചാണ് അന്നത്തെ നടപടികൾ അവസാനിപ്പിച്ചത്.
വധശിക്ഷ റദ്ദ് ചെയ്ത പഴയ ബെഞ്ചാണ് ഞായറാഴ്ച രാവിലെ മോചനഹരജി പരിഗണിച്ചത്. ഏതാനും സമയം കേസ് രേഖകൾ പരിശോധിച്ച കോടതി രണ്ടാഴ്ചക്കുശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് ഇന്നലത്തെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. അഭിഭാഷകൻ ഉസാമ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ അതിരാവിലെ കോടതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.