റിയാദ്: വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവരുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും തിരിച്ചെത്തുന്നവരുടെ തൊഴിൽ വൈദഗ്ധ്യം കേരളത്തിൽ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികളും നോർക റൂട്ട്സ് ആവിഷ്കരിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തുന്ന പ്രവാസികൾ ഒട്ടേറെയുണ്ട്. എന്നാൽ, ഈ പദ്ധതികളെക്കുറിച്ച് അറിയാത്തവരും ഏറെയുണ്ട്. ഈ പദ്ധതികൾ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ തൊഴിൽരംഗത്ത് മുന്നേറ്റം നടത്താൻ സാധിക്കും.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും ഇവരുടെ തൊഴില്‍ നൈപുണ്യവും പ്രവര്‍ത്തനപരിചയവും നാട്ടിലെ തൊഴില്‍ മേഖലക്ക് ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്ന ഏകജാലക സംവിധാനമാണ് നോർക സ്കില്‍ റിപ്പോസിറ്ററി പദ്ധതി. പുതിയ കുടിയേറ്റ മേഖലകളിലേക്ക് ഇവരെ നയിക്കാനും സംരംഭകത്വശേഷി പരിപോഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ നോർക സ്കില്‍ ബാങ്കിൽ (എൻ.എസ്.ബി) വിദേശ പ്രവൃത്തിപരിചയമുള്ള വിദഗ്ധരും അവിദഗ്ധരുമായ മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഇന്ത്യയിലും വിദേശത്തുമുള്ള തൊഴില്‍ദായകര്‍ക്കും കേരളത്തിലെ സ്വയംതൊഴില്‍ ദാതാക്കള്‍ക്കും കേരളത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപസാധ്യതകള്‍ ഉപയോഗിക്കാനും താൽപര്യമുള്ള പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
നോർക റൂട്ട്സിന്റെ കീഴില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെൻറര്‍ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ പ്രവര്‍ത്തിക്കുന്നു. നോർക വകുപ്പ്, നോർക റൂട്ട്സ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, എന്‍.ആര്.ഐ കമീഷന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഇവയുടെ കീഴിലുള്ള വിവിധ ഓഫിസുകള്‍, സേവനങ്ങള്‍, പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ കാൾ സെൻററില്‍നിന്ന് ലഭിക്കും. ഇന്ത്യയില്‍നിന്ന് 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ കാള്‍ സെൻററുമായി ബ ന്ധപ്പെടാവുന്നതാണ്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിവരങ്ങള്‍ ലഭിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമാണ് നോർക സ്കിൽ ബാങ്ക് പ്രവർത്തിക്കുന്നത്. www.skill.registernorkaroots.org എന്ന വെബ്സൈറ്റിൽ തൊഴില്‍ദാതാക്കള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാറില്‍നിന്നും നോർകയിൽനിന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ടോള്‍ഫ്രീ നമ്പര്‍ സംവിധാനമാണ് ഇത്. ഏത് വിദേശ രാജ്യത്തുനിന്നും 24x7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ ഇ-മെയില്‍, എസ്.എം.എസ് വഴിയോ ബന്ധപ്പെടാം. 0091 8802612345 (അന്താരാഷ്ട്ര മിസ്ഡ് കാള്‍ സര്‍വിസ്).
കേരളത്തില്‍നിന്നുള്ള തൊഴിലന്വേഷകരെ വിദേശ തൊഴില്‍ കമ്പോളത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തരാക്കുന്ന പരിശീലന പദ്ധതിയാണ് സ്കിൽ അപ്ഗ്രഡേഷന് ട്രെയ്നിങ് പ്രോഗ്രാം. സാങ്കേതികവിദ്യ, സോഫ്റ്റ് സ്കില്‍ എന്നിവയില്‍ സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള വിവിധ ഐ.ടി.ഐകള്‍, പോളിടെക്നിക്കുകള്, മികവ് തെളിയിച്ച അംഗീകൃത സ്വകാര്യ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവ മുഖേനയാണ് പരിശീലനം നല്‍കുന്നത്. നൈപുണ്യ സര്‍ട്ടിഫിക്കറ്റിനു പുറമേ തൊഴില്‍മേളകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നിശ്ചിത സാങ്കേതിക യോഗ്യതയുള്ളവര്‍ക്ക് വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ സഹായകമാകുന്ന രീതിയില്‍ സാങ്കേതികവിദ്യ പകര്‍ന്നുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ, ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയില്‍ ലഭ്യമായ ഉയര്‍ന്ന തൊഴില്‍സാധ്യതകള്‍ പരിഗണിച്ച് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുൾസ്റ്റാക്ക് ഡെവലപ്പര്‍, ഡേറ്റ സയന്‍സ് ആൻഡ് അനലറ്റിക്സ് എന്നീ കോഴ്സുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തമുള്ള ഇന്‍ഫര്‍മേഷന്‍ ആൻഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ)യുമായി ചേര്‍ന്ന് നടത്തിവരുന്നു. യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്സാധ്യതയേറുന്നതിനാല് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷകളായ HAAD/PROMETRIC/MOH/DOH എന്നിവ പാസാകുന്നതിന് സഹായകരമായ പരിശീലന പദ്ധതി കേരള സർക്കാറിനു കീഴിലെ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാൻസ്മെൻറ് (NICE) മുഖാന്തരം നല്കിവരുന്നു. പ്രതിവര്‍ഷം 2000ത്തോളം വിദ്യാര്‍ഥികളാണ് ഈ പരിശീലന പരിപാടിയില്‍ ചേര്‍ന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.