യാംബു: സൗദിയിലെ പുതിയ അധ്യയന വർഷത്തിൽ മൂന്നു സെമസ്റ്ററുകളായി വിഭജിച്ച് വിവിധ പാഠ്യ പരിഷ്കരണ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനം സ്വാഗതം ചെയ്ത് യാംബുവിലെ വിദ്യാഭ്യാസ വിചക്ഷണർ. വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായി നടത്താനൊരുങ്ങുന്ന പരിഷ്കരണങ്ങൾ വിദ്യാർഥികളെ ഏറെ പ്രചോദിപ്പിക്കും.
വിദ്യാർഥികളുടെ ഉന്നതമായ ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാനും സമകാലീന സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മികച്ചഭാവി സൃഷ്ടിക്കാനും ഇതുമൂലം കഴിയുമെന്നു വിലയിരുത്തുകയാണ് വിദ്യാഭ്യാസ രംഗത്തുള്ള പ്രമുഖർ.
വിദ്യാഭ്യാസ മന്ത്രാലയം പുതിയ അക്കാദമിക് കലണ്ടറിന് തുടക്കം കുറിക്കുകയും അധ്യയന വർഷത്തെ രണ്ടിൽനിന്ന് മൂന്ന് സെമസ്റ്ററുകളായി വിഭജിക്കുകയും ചെയ്യുന്നത് വിദ്യാർഥികൾക്കിടയിൽ വമ്പിച്ച വിപ്ലവത്തിന് വഴിവെക്കുമെന്ന് യാംബു വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ സലിം ബിൻ അബിയാൻ അൽ ഉത്തവി പറഞ്ഞു.
രാജ്യത്തിെൻറ വികസന മേഖലയിൽ വിദ്യാർഥികൾക്ക് വമ്പിച്ച പങ്ക് വേഗത്തിൽ നിർവഹിക്കാനും രാജ്യത്തിെൻറ ബഹുമുഖമായ മുന്നേറ്റത്തിൽ പുതുതലമുറയുടെ കഴിവുകൾ ക്രിയാതത്മകമായി ഉപയോഗപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാഠ്യപദ്ധതിയിലെ പരിഷ്കരണങ്ങൾ വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമതയുടെ നിലവാരം ഉയർത്താൻ വഴിവെക്കുമെന്നും അന്താരാഷ്ട്ര തലത്തിലുള്ള നിലവാരത്തിലേക്ക് സൗദി വിദ്യാർഥികളെ കൊണ്ടെത്തിക്കാൻ ഏറെ ഫലം ചെയ്യുമെന്നും യാംബു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മൂസ ബിൻ അബ്ദുൽ റസാഖ് അൽ ഹംദി അഭിപ്രായപ്പെട്ടു.
പുതിയ സെമസ്റ്റർ പരിഷ്കരണം വഴി വിദ്യാർഥികൾക്ക് കൂടുതൽ പഠനദിവസങ്ങൾ ലഭിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും ശാസ്ത്രം, ഗണിതം, ഭാഷ എന്നിവയിലുള്ള നൈപുണ്യം വർധിപ്പിക്കാൻ കഴിയുന്നത് ഏറെ മഹത്തരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനികവും നൂതനവുമായ പാഠ്യപദ്ധതികളിലൂടെ വിദ്യാർഥികളുടെ ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കാനും സൗദിയുടെ സമ്പൂർണ പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ലക്ഷ്യംവെക്കുന്ന പദ്ധതിയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ടെത്തിക്കാനും കഴിയുമെന്ന് യാംബു വിദ്യാഭ്യാസ മന്ത്രാലയം കൗൺസലിങ് സൂപ്പർവൈസർ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ റിഫാഇ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിെൻറ സുസ്ഥിരതയെ സഹായിക്കാനും വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും ഉയർന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനും പുതിയ അധ്യയന വർഷത്തെ പരിഷ്കരണം ആക്കം കൂട്ടുമെന്ന് വിദ്യാഭ്യാസ സൂപ്പർവൈസർ ആയിഷ അൽ അമ്രാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.