ജി​ദ്ദ ജം​ഗി​ളി​ലെ കാ​ഴ്ച​ക​ൾ

'ജിദ്ദ ജംഗിളി'ൽ ചൊവ്വാഴ്ച മുതൽ പ്രവേശനം

ജിദ്ദ: ആഫ്രിക്കൻ വനാന്തരങ്ങളിലെ സഞ്ചാര അനുഭവം ഇനി ജിദ്ദയിലും. സഹൃദയരുടെ മനംകവർന്ന് അരങ്ങേറുന്ന 'ജിദ്ദ സീസൺ 2022' ഉത്സവത്തിലാണ് 'ജിദ്ദ ജംഗിൾ' പുതിയ വിസ്മയാനുഭവം പകരാൻ ഒരുങ്ങിയിരിക്കുന്നത്. ആയിരത്തോളം മൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന കാടാണ് ഈ പുതിയ മൃഗശാല. ചൊവ്വാഴ്ച മുതൽ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഉണ്ടാവും. ആറു ലക്ഷം മീറ്റർ വിസ്തൃതിയിലാണ് സൗദിയിലെ ഏറ്റവും വലിയ മൃഗശാല ഒരുക്കിയിരിക്കുന്നത്. 8,000 മീറ്റർ വിസ്തൃതിയിൽ അടച്ചിട്ട പ്രദേശത്ത് 200ലധികം അപൂർവ പക്ഷികളുമുണ്ട്. ആഫ്രിക്കൻ വനങ്ങൾക്ക് സമാനമായ രീതിയിൽ ഒരു കാടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഗൾഫിൽതന്നെ ആദ്യമായാണ് സന്ദർശകർക്ക് കൊടും വനത്തിന്‍റെ അതേ പ്രതീതി ലഭിക്കുന്നതും ഏറെ അനുഭൂതി പകർന്നുനൽകുന്നതുമായ വനത്തിന്‍റെ കാഴ്ചയൊരുക്കുന്നത്. കാട്ടിനുള്ളിലൂടെ സഞ്ചരിച്ച് മൃഗങ്ങളുടെ ആവാസവ്യവസ്ഥ അറിയാനും ജീവികളുടെ പ്രകൃതിപരമായ വിശേഷങ്ങൾ അടുത്തറിയാനും 'ജിദ്ദ ജംഗിൾ' അവസരമൊരുക്കുന്നു.

സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴകാനും ഇവിടെ അവസരം ലഭിക്കുന്നു. നിരവധി ലൈവ് ഷോകളും ദൃശ്യങ്ങളും സന്ദർശകർക്കായി ഇവിടെ ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി വിനോദ ഉല്ലാസകേന്ദ്രങ്ങൾ, ശിൽപശാലകൾ, സാഹസിക കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, വിവിധതരം പ്രദർശനങ്ങൾ ഒരുക്കിയ തിയറ്ററുകൾ എന്നിവയും ജിദ്ദ ജംഗിളിലുണ്ട്. 

ഏഷ്യൻ സാംസ്കാരിക പരിപാടികൾ വെള്ളിയാഴ്ച മുതൽ

ജിദ്ദ: ജിദ്ദ സീസൺ ഉത്സവത്തിൽ ഏഷ്യയിലെ അഞ്ച് രാജ്യങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾ വെള്ളിയാഴ്ച (മേയ് 13) മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സീസണോടനുബന്ധിച്ച് ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കായാണ് അതത് രാജ്യക്കാരെ പ്രത്യേകമായും ആസ്വദിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതെന്ന് സംഘാടകർ കഴിഞ്ഞദിവസം വ്യക്തമാക്കി. അമീർ മാജിദ് പാർക്കിലാണ് പരിപാടികൾ അരങ്ങേറുക. ആദ്യ പരിപാടി വെള്ളിയാഴ്ച ഇന്ത്യക്കാരുടേതായിരിക്കും. മേയ് 20ന് ഇന്തോനേഷ്യ, മേയ് 27ന് പാകിസ്താൻ, ജൂൺ മൂന്നിന് ബംഗ്ലാദേശ്, ജൂൺ 10ന് ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ പരിപാടികളും അരങ്ങേറും. പരിപാടി സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Admission to the ‘Jeddah Jungle’ from Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.