ജിദ്ദ: സ്വന്തം ആരോഗ്യത്തെപോലും വകവെക്കാതെ തെൻറ അവസാന നിമിഷങ്ങളിലും ഇന്ത്യൻ പാർലമെൻറിൽ ന്യൂനപക്ഷ സമൂഹത്തിെൻറ അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചുകൊണ്ട് പാർലമെൻറിനകത്തു തന്നെ കുഴഞ്ഞു വീണു മരിച്ച നേതാവായിരുന്നു ഇ. അഹമ്മദെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഷിബു മീരാൻ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ‘തണലേകിയ നായകന് പ്രവാസികളുടെ ഓർമപ്പൂക്കൾ’ എന്ന പേരിൽ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. സൗദിയിലെ നിതാഖാത് സമയത്ത് സൗദി സർക്കാറുമായുള്ള അദ്ദേഹത്തിെൻറ ഇടപെടലുകൾ പ്രവാസികൾക്ക് മറക്കാനാവില്ല. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്ത സംഘ്പരിവാർ സ്നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിച്ചിരുന്ന ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി ചേരിതിരിച്ചു തമ്മിലടിപ്പിക്കുകയാണ്. ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന് വലിയ പങ്കുവഹിക്കാനുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലിം ന്യൂനപക്ഷ സമൂഹം അതാവശ്യപ്പെടുന്നുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയതല പ്രവർത്തനങ്ങൾ വിലയിരുത്തി അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് മുഴുവൻ ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അനുസ്മരണ സംഗമം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് എ.കെ മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ മുൻക്കാല കെ.എം.സി.സി പ്രവർത്തങ്ങളെ കുറിച്ച് മുൻ ജിദ്ദ കെ.എം.സി.സി സെക്രട്ടറിയും നിലവിലെ യൂത്ത് ലീഗ് നാഷനൽ അംഗവുമായ സി.കെ. ശാക്കിർ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, പ്രവാസി ലീഗ് നേതാവ് റഷീദ് വാരിക്കോടൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷറർ വി.പി അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.