റിയാദ്: ദീർഘകാലത്തെ വിലക്കിനുശേഷം സൗദി അറേബ്യ വിമാനയാത്രക്ക് അനുമതി നൽകിയപ്പോൾ ടിക്കറ്റിന് പണമില്ലാതെ പെരുവഴിയിലാണ് പ്രവാസികൾ. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിമാനയാത്രക്ക് ഭാരിച്ച തുകയാണ് ചെലവ്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്കും ഇന്ത്യയിൽനിന്ന് യാത്ര നടത്താൻ ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപയാണ്. ചാർട്ടേഡ് വിമാനങ്ങൾ 40,000ത്തിനു മുകളിലാണ് ഈടാക്കുന്നത്. സൗദി അറേബ്യയിൽനിന്ന് രണ്ടു ഡോസ് വാക്സിനെടുത്തവർക്കാണ് ഈ തുക ചെലവ് വരുന്നത്. ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻറീൻ പാക്കേജ് ഉൾപ്പെടെ 75,000 രൂപയോളം ചെലവുവരും. തൊഴിലില്ലാത്ത നീണ്ടകാലയളവിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി ബാധിച്ച് കടക്കെണിയിലായവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. അവർക്കിത് താങ്ങാവുന്നതിൽ അപ്പുറമാണ്.
സൗദി സർക്കാർ സൗജന്യമായി ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി പുതുക്കി നൽകിയതിെൻറ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കാനിരിക്കെ അതിനുമുമ്പ് യാത്ര സാധ്യമായില്ലെങ്കിൽ നിരവധി പ്രവാസികളാണ് മടങ്ങിവരാനാകാതെ നാട്ടിൽ കുടുങ്ങിപ്പോവുക. ഇഖാമയുടെയും റീഎൻട്രി വിസയുടെയും സൗജന്യ പുതുക്കൽ അവസാനിപ്പിച്ചാൽ തിരിച്ചുവരവുപോലും ചിലർക്ക് അസാധ്യമാകും. ഒരു വർഷത്തേക്ക് താമസരേഖയായ ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. കഴിഞ്ഞ രണ്ടു വർഷത്തോളമായി പല കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
അതിനിടയിൽ ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയാറായെന്നു വരില്ല. തിരിച്ചുവരാൻ സാധ്യമായില്ലെങ്കിൽ ഇതുവരെ തൊഴിലെടുത്ത കമ്പനികളിൽനിന്ന് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം പൂർണമായും നഷ്ടമാകുകയും ചെയ്യും. പ്രതിസന്ധിയുടെ ചുഴിയിൽപെട്ട് അലയുന്ന പ്രവാസികൾക്ക് മടക്കയാത്രക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം. അതിനും സാധ്യമല്ലെങ്കിൽ ഗതികേടിെൻറ അങ്ങേയറ്റത്തുള്ള സൗദി പ്രവാസികളെ സഹായിക്കാൻ മടക്കയാത്രക്കുള്ള വിമാനടിക്കറ്റിെൻറ തുക പലിശരഹിത വായ്പയായെങ്കിലും നൽകി സഹായിക്കണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.