മക്ക: എയർലൈനുകളുടെ ചൂഷണങ്ങൾക്കെതിരെ പ്രവാസി സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്ക് പൊതു സമൂഹത്തിന്റെ പൂർണ പിന്തുണ ഉണ്ടാവണമെന്ന് മക്കയിൽ സംഘടിപ്പിച്ച ഐ.സി.എഫ് ജനകീയ സദസ്സ് ആവശ്യപ്പെട്ടു. ഇന്ത്യാ രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിസ്സീമമായ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അവരോട് ചേർന്നു നിൽക്കണമെന്നും ജനകീയ സദസ്സിൽ ആവശ്യമുയർന്നു. 'അവസാനിക്കാത്ത ആകാശച്ചതികൾ' എന്ന ശീർഷകത്തിൽ ഐ.സി.എഫ് മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ഷിഫാ അൽ ബറക ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ സദസ്സിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
പ്രസ്തുത വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അഴകൊമ്പൻ സമീപനം മാറ്റിവെച്ചു മുമ്പോട്ടു വരണമെന്നും നിയമ നിർമ്മാണം നടത്തി പ്രവാസികളോട് നീതി കാണിക്കണമെന്നും ചർച്ചയിൽ സംബന്ധിച്ച വിവിധ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സെക്രട്ടറി ജമാൽ കക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ അൻവരി വിഷയാവതരണം നടത്തി. സലീം കണ്ണനാംകുഴി (ഒ.ഐ.സി.സി), അബ്ദുൽ നാസർ കിൻസാറ (കെ.എം.സി.സി), ശിഹാബ് കോഴിക്കോട് (നവോദയ), സാദിഖ് മലപ്പുറം (ബറക ഗ്രൂപ്പ്) എന്നിവർ സംസാരിച്ചു. ഫഹദ് മുഹമ്മദ് തൃശ്ശൂർ മോഡറേറ്ററായിരുന്നു. ഐ.സി.എഫ് സെക്രട്ടറി അബ്ദുൽ റഷീദ് അസ്ഹരി സ്വാഗതവും അബൂബക്കർ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.