ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റിയും അൽ-അഹ്സ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് സംഘടിപ്പിക്കുന്ന എട്ടാമത് അൽ-അഹ്സ ഈത്തപ്പഴോത്സവത്തിൽ സന്ദർശകരുടെ തിരക്ക്. കഴിഞ്ഞ ദിവസം സൗദിയിലെ ജാപനീസ് അംബാസർ ഫ്യൂമിയോ ഇവായി മേള സന്ദർശിച്ചു. സൗദിയുടെ സംസ്കാരിക ജീവിതത്തിന്റെ നേർചിത്രങ്ങൾ പ്രകടമാകുന്നതാണ് ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അൽ-അഹ്സ ഗവർണർ സഊദ് ബിൻ തലാൽ ബിൻ ബദറിെൻറ സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ആണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒരു ജനപ്രിയ കാർഷിക ഇനത്തിൽനിന്ന് ഒരു സാമ്പത്തിക, നിക്ഷേപ ഉൽപന്നമാക്കി ഇൗത്തപ്പഴത്തെ മാറ്റുന്നത് അൽ-അഹ്സയുടെയും പ്രത്യേകിച്ച് രാജ്യത്തിെൻറയും വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇത് അൽ-അഹ്സയുടെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈത്തപ്പഴ ഉൽപന്നങ്ങളുടെ വിപണനവും മത്സര നിലവാരവും വർധിപ്പിച്ച് ഫെസ്റ്റിവലിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിച്ച കിഴക്കൻ പ്രവിശ്യയുടെയും അൽ-അഹ്സയുടേയും ഗവർണർമാരെ അൽ-അഹ്സ മേയർ എസ്സാം അൽ-മുല്ല അഭിനന്ദിച്ചു. ഈന്തപ്പനകളും ഈത്തപ്പഴവും സംബന്ധിച്ച ചോദ്യോത്തര മത്സരപരിപാടികളും മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നുണ്ടെന്ന് അൽ മുല്ല പറഞ്ഞു. ഈത്തപ്പഴവും അനുബന്ധ ഉൽപന്നങ്ങൾക്കും പുറമേ പ്രാദേശിക കരകൗശല സ്റ്റോറുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
30,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഏകദേശം 30 ലക്ഷം മരങ്ങളുള്ള അൽ-അഹ്സ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയാണ്. ഫെബ്രുവരി 18 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.