അൽ ഖോബാർ കോർണീഷിലെ ഉദയക്കാഴ്ച
അൽ ഖോബാർ: കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മനോഹരമായ പ്രഭാതക്കാഴ്ച അൽഖോബാറിലേതാണ്. ശൈത്യകാലത്തെ ഖോബാർ കടൽത്തീരത്തെ പുലർക്കാല കാഴ്ച അതുല്യാനുഭവം പ്രദാനം ചെയ്യുന്നു. ഉദയകിരണങ്ങൾ ചക്രവാളത്തെ ചുവപ്പിക്കുമ്പോൾ ഖോബാർ കോർണീഷ് ശാന്തവും അനന്യവുമായ ഒരു ദൃശ്യവിരുന്നിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു. മൃദുവായ കടൽക്കാറ്റും കാഴ്ചയുടെ ഈ പൂരവും ആസ്വദിക്കാൻ തണുപ്പേറിയ പ്രഭാതങ്ങളിൽ പോലും ഖോബാർ കോർണീഷിലേക്ക് വിദേശികളും സ്വദേശികളുമെത്തുന്നു. ഉദയസൂര്യനും കടലും കരയും ആകാശവും അന്തരീക്ഷവും നൽകുന്ന ഉന്മേഷദായകമായ ചാരുത ഇവിടെയെത്തുന്നവർക്ക് നൽകുന്ന സന്തോഷം ചെറുതല്ല.
സൂര്യരശ്മിയുടെ മൃദുലമായ വർണങ്ങൾ ആകാശത്തും കടലിലും ഒരുക്കുന്ന പ്രകൃതിയുടെ കലാവൈഭവത്തിന് സാക്ഷ്യം വഹിക്കുക എന്നത് അതുല്യ അനുഭവമാണ്. സന്ദർശകർ നിശ്ശബ്ദമായി അവർ ചിത്രങ്ങളും വിഡിയോയും പകർത്തുമ്പോൾ പ്രഭാതസവാരിക്കാർ പാതകളിലൂടെ നടക്കാൻ ആരംഭിക്കും.
സൈക്കിളും ട്രൈസൈക്കിളുമായി സ്ത്രീകളും കുട്ടികളും ഉത്സാഹത്തോടെ ചവിട്ടിപ്പോകുന്നത് പതിവ് കാഴ്ചയാണ്. സംഗീതപ്രേമികൾ ഒത്തുകൂടി പുൽത്തകിടിയിൽ വട്ടത്തിലിരുന്ന് പാട്ടുപാടുന്നത് മറ്റൊരു കാഴ്ചയാണ്. അവരുടെ ഗാനാലാപനം ഗിറ്റാറിനൊപ്പം ഉയരുമ്പോൾ അത് കാണാൻ ആളുകൾ ചുറ്റും കൂടുന്നു.
മത്സ്യബന്ധന പ്രേമികൾ വെള്ളത്തിനരികിലുള്ള പാറക്കെട്ടിൽ സ്ഥിരമായി എത്തുന്നു. ചില ഇടങ്ങൾ സ്ഥിരമെത്തുന്നവരുടെ സ്വന്തം സങ്കേതങ്ങളാണ്. കടൽവെള്ളത്തിലേക്ക് ചൂണ്ട നീട്ടിയെറിഞ്ഞു അവർ ശാന്തരായി കാത്തിരിക്കുന്നത് കാഴ്ചക്കാരിൽ കൗതുകം ഉളവാക്കും. വിദേശികളാണ് ചൂണ്ടയിടാൻ എത്തുന്നവരിൽ ഭൂരിപക്ഷവും. കുടുംബങ്ങളും സുഹൃത്തുക്കളും പിക്നിക് പരവതാനികൾ വിരിച്ചു പരമ്പരാഗത പ്രഭാതഭക്ഷണം ആസ്വദിക്കുകയും ചൂട് ചായ മൊത്തി കുടിക്കുകയും ചെയ്യുന്നത് കാണാം.
സൗദിയുടെ തനതുഭക്ഷണം വിളമ്പുന്ന റസ്റ്റാറന്റുകൾ അതിരാവിലെ മുതൽ പ്രവർത്തന സജ്ജമാണ്. കടൽ നോക്കി ഉദയം കണ്ടു തണുപ്പാസ്വദിച്ച് ചൂടുള്ള ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളും കുടുംബങ്ങളും സംഘം ചേർന്നെത്തുന്നു. കടൽ വളരെ ദൂരെ ഉയരത്തിൽനിന്ന് കാണാൻ വിധമുള്ള താൽകാലിക കെട്ടിടവും ഖോബാർ കോർണീഷിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടെനിന്ന് ആകാശത്തുനിന്നെന്ന പോലെ നല്ല ചിത്രങ്ങൾ പകർത്താൻ കഴിയും.
കുട്ടികൾ സന്തോഷത്തോടെ മുഴങ്ങുന്ന മണികളോടെ സൈക്കിളുകൾ ഓടിക്കുന്നത് കാണാം. പ്രായമായ ദമ്പതികൾ പ്രഭാതത്തിന്റെ ശാന്തമായ സൗന്ദര്യം ആസ്വദിച്ച് കൈകോർത്ത് നടക്കുന്നു. മറ്റുചിലർ കടൽ നോക്കി ബെഞ്ചുകളിൽ ഇരിക്കുന്നു.
പ്രഭാതം വികസിക്കുമ്പോൾ സന്ദർശകർ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിപ്പോകുന്നു. രാവിലത്തെ ഖോബാർ കോർണിഷ് ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല; അതൊരു അനുഭവമാണ്. പ്രഭാതത്തിൽ അവിടെ എത്തുന്നവർക്ക് ചിരിക്കും സംഗീതത്തിനും ശാന്തതക്കും ഇടയിൽ അൽ ഖോബറിന്റെ ഹൃദയസ്പന്ദനം ശരിക്കും അനുഭവിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.