റിയാദ്: കെ.എം.സി.സി അൽഖർജ് ടൗൺ കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി. വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂരിൽ ആരംഭിക്കാനിരിക്കുന്ന പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്ററിന് ആർ.ഒ പ്ലാന്റ് നിർമിച്ചു നൽകാനുള്ള ധനസമാഹരണത്തിനു വേണ്ടിയാണ് ചലഞ്ച് നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്റെ സമീപപ്രദേശമായ കാടപ്പടിയിലാണ് ഈ ബൃഹദ്പദ്ധതി രൂപം കൊള്ളുന്നത്. സ്വന്തമായി വസ്തുവാങ്ങി അതിൽ പടുത്തുയർത്തിയ ഇരുനില കെട്ടിടത്തിൽ അത്യാധുനിക സൗകര്യത്തോടെയാണ് സൗജന്യ ഡയാലിസിസ് സെന്റർ ഒരുങ്ങുന്നത്.
പ്രവാസികളുടെയടക്കം പ്രദേശവാസികളുടെ സഹായത്തോടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഈ മാസം 15ന് കാടപ്പടി കേന്ദ്രമായും ബിരിയാണി ചലഞ്ച് നടത്തുന്നുണ്ട്.
വൃക്കരോഗം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ രോഗം ബാധിച്ച നാനാജാതി മതസ്ഥർക്ക് താങ്ങാകാൻ ഈ പദ്ധതി നടപ്പാകുന്നതോടെ സാധിക്കുമെന്നും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അൽഖർജിൽ ബിരിയാണി ചലഞ്ച് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. നാസർ പറഞ്ഞു. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവർ പോലും വൃക്കകൾക്ക് തകരാർ സംഭവിക്കുന്നതോടെ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോൾ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി ആളുകളിലേക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമമെന്ന് ടൗൺ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇക്ബാൽ അരീക്കാടൻ അറിയിച്ചു.
എൻ.കെ.എം. കുട്ടി ചേളാരി, അബ്ദുൽ ഹമീദ് കൊളത്തൂർ, ഫൗസാദ് ലാക്കൽ, യൂനുസ് മന്നാനി, സമീർ പാറമ്മൽ, സിദ്ദീഖലി പാങ്ങ്, ഫസ്ലു ബീമാപ്പള്ളി, ഹമീദ് പാടൂർ, മുഖ്താർ അലി, സകീർ തലക്കുളത്തൂർ, ഫൈസൽ ദാറുസ്സലാം, വി.പി. അമീർ, റൗഫൽ കുനിയിൽ, കെ.എം. ബഷീർ, ഹബീബ് കോട്ടോപ്പാടം, ജാബിർ ഫൈസി, നൗഷാദ് സാറ്റെക്സ്, സാബിത് ചേളാരി, സമീർ ആലുവ, സിദ്ദീഖ് കണ്ണംവെട്ടിക്കാവ്, ഇഖ്ബാൽ നാദാപുരം, ഹാതിക് ലാക്കൽ, ജുബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.