സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

ഫലസ്തീൻ ജനതക്കൊപ്പം, സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുന്നു -സൗദി കിരീടാവകാശി

ജിദ്ദ: ഫലസ്തീൻ ജനതക്കൊപ്പം നിലക്കൊള്ളുമെന്നും സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഫലസ്തിനും ഇസ്രായേലിനുമിടയിൽ രൂക്ഷമായ സംഘർഷം തടയാനും പശ്ചിമേഷ്യൻ മേഖലയിൽ അത് പടരാതിരിക്കാനും എല്ലാ അന്താരാഷ്ട്ര, പ്രാദേശിക വിഭാഗങ്ങളുമായും ആശയവിനിമയം നടത്താൻ രാജ്യം സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുകയാണെന്നും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെയും ചുറ്റുപാടുകളിലെയും സൈനികാക്രമണത്തെക്കുറിച്ചും സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുന്ന മോശമായ സാഹചര്യത്തെക്കുറിച്ചും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടേണ്ടതുണ്ടെന്നും സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുമുള്ള അവകാശത്തിന് ഫലസ്തീൻ ജനതയ്‌ക്കൊപ്പം സൗദി അറേബ്യ നിലകൊള്ളുമെന്നും കിരീടാവകാശി പറഞ്ഞു.

സൗദിയുടെ പിന്തുണക്ക് ഫലസ്തീൻ പ്രസിഡന്‍റ് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു. സൗദിയുടെ ഉറച്ച നിലപാടുകളെയും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കാൻ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം, ഫലസ്തീൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ ഊർജിത ശ്രമം തുടരുകയാണ്. ഇതിന്‍റെ ഭാഗമായി കിരീടാവകാശി വിവിധ അറബ് രാഷ്ട്ര നേതാക്കളുമായി ഫോണിലൂടെ സംസാരിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാൻ തങ്ങളുടെ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമാണ് വിവിധ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചത്.

ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുമായി കിരീടാവകാശി ഫോണിൽ സംസാരിച്ചു. ഗസ്സയിലെയും പരിസരങ്ങളിലെയും സംഘർഷം തടയുന്നതിനും മേഖലയിലെ വ്യാപനം തടയുന്നതിനും അന്താരാഷ്ട്രീയവും പ്രാദേശികവുമായ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കിരീടാവകാശിയും ഈജിപ്ത് പ്രസിഡന്‍റും ചർച്ച ചെയ്തു. സംഘർഷം രൂക്ഷമാകുന്നതോടെ സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മോശമായ സാഹചര്യത്തെക്കുറിച്ചും പ്രദേശത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ചുമാണ് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചത്.

Tags:    
News Summary - Along with the Palestinian people ^Saudi Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.