ജിദ്ദ: സൗദി മന്ത്രിസഭ യോഗത്തിൽ പങ്കെടുത്ത ആദ്യ വനിതയെന്ന ഖ്യാതി ഇനി അൽശൈഹാന സ്വാലിഹ് അൽ അസാസിന്. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉയർന്ന റാങ്കിൽ മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയായ അൽശൈഹാന പങ്കെടുത്തത്. സൗദി മന്ത്രിസഭയിൽ പങ്കെടുത്ത ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് ഇതോടെ അൽശൈഹാന സ്വന്തമാക്കിയത്. ജൂലൈ മൂന്നിനാണ് സൽമാൻ രാജാവ് അൽശൈഹാനയെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. അതിനുശേഷം ഹജ്ജുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാൽ പതിവ് മന്ത്രിസഭ യോഗം നടന്നിരുന്നില്ല. ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗമാണ് ചൊവ്വാഴ്ച രാത്രി നടന്നത്. ഈ യോഗം രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വിഷയങ്ങളുടെ ചർച്ചക്കെടുത്തു. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ സന്ദർശനവും അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ജിദ്ദയിൽ നടത്തിയ ഉച്ചകോടിയുമടക്കം വിവിധ രാഷ്ട്രത്തലവന്മാരുമായുള്ള ചർച്ചകളും മന്ത്രിസഭ അവലോകനം ചെയ്തു.
റിയാദിലാണ് അൽശൈഹാനയുടെ ജനനം. ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിൽ നിയമം പഠിച്ചു. 2008 ൽ നിയമത്തിൽ ബിരുദം നേടി. ദുബൈയിലും കുവൈത്തിലും നോട്രെഡാം യൂനിവേഴ്സിറ്റി, ഇറ്റലിയിലെ ബോക്കോണി യൂനിവേഴ്സിറ്റി, സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, ഇൻസീഡ് ഉന്നത പഠനകേന്ദ്രം എന്നിവിടങ്ങളിലും അഭിഭാഷകയായി പ്രായോഗിക പരിശീലനം നേടി.
ഫ്രാൻസിലെ ഫോണ്ടെയ്ൻബ്ലൂവിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു. 2020-ൽ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് മാഗസിന്റെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് കൗൺസിലിന്റെ അംഗീകാരം നേടിയ ആദ്യത്തെ സൗദി വനിത അഭിഭാഷകരിൽ ഒരാളുമാണ്. റിയാദിലെ ഒരു പ്രശസ്ത നിയമസ്ഥാപനത്തിൽ ജോലി ചെയ്തു. ശേഷം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ കോൺട്രാക്ട് മാനേജർ പദവിയിലും സേവനമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.