റിയാദ്: തൊഴിൽ, വിസ നിയമ ലംഘനത്തിന് റിയാദിൽ തടവിലായിരുന്ന 268 ഇന്ത്യക്കാരെക്കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്.
13 മലയാളികളും 17 തമിഴ്നാട്ടുകാരും 18 ആന്ധ്ര, തെലങ്കാന സ്വദേശികളും 17 ബിഹാറികളും 114 ഉത്തർപ്രദേശുകാരും 50 പശ്ചിമബംഗാൾ സ്വദേശികളും ഒമ്പതു രാജസ്ഥാനികളുമാണ് സംഘത്തിലുള്ളത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽനിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 53 പേർ ദമ്മാമിൽനിന്ന് റിയാദിലെത്തിച്ചതാണ്. റിയാദ് അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ ഇനി 200ഒാളം ഇന്ത്യക്കാരുണ്ട്. അവരെയും വൈകാതെ നാട്ടിലേക്ക് കയറ്റിവിടും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3239 ആയി.
കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്.തടവുകാരുമായി 11ാമെത്ത സൗദി എയർലൈൻസ് വിമാനമാണ് ബുധനാഴ്ച ഡൽഹിയിലേക്കു പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.