ജിദ്ദ: ജിദ്ദ നഗരത്തിലെ ബലദിൽനിന്നു കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ഹൈസ്പീഡ് ബസ് സർവിസ് ആരംഭിക്കുമെന്ന് ജിദ്ദ ട്രാൻസ്പോർട്ടേഷൻ കമ്പനി അറിയിച്ചു. ഞായറാഴ്ച മുതൽ സർവിസുകൾ ആരംഭിക്കും. ബലദ് സാപ്റ്റികോ ബസ് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ബസ് മദീന റോഡ് വഴി കിങ് അബ്ദുല്ല റോഡിൽ പ്രവേശിച്ച് അൽ അന്ദലുസ് മാളിനു മുന്നിലൂടെ പ്രിൻസ് മാജിദ് (സബ്ഈൻ) റോഡിൽ പ്രവേശിച്ച് നേരെ വിമാനത്താവളത്തിലേക്കു പോവും. തിരിച്ചും ഇതുവഴി ബലദിലേക്ക് സർവിസ് നടത്തും.
ബലദ് സാപ്റ്റികോ ബസ് സ്റ്റേഷൻ, മദീന റോഡിൽ ബഗ്ദാദിയ ഡിസ്ട്രിക്ട്, കിങ് അബ്ദുല്ല റോഡിൽ അൽ അന്ദലുസ് മാൾ, പ്രിൻസ് മാജിദ് റോഡിൽ ഫ്ലമിങ്ങോ മാൾ, ജിദ്ദ എയർപോർട്ട് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാവും. വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിൽ യാത്രക്കാരുടെ സൗകര്യാർഥം എവിടെയും ഇറങ്ങാം. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ഉണ്ടാവും. ബസ് നിരക്ക് ഒരു റൂട്ടിൽ 15 റിയാലിൽ കൂടില്ലെന്ന് ജിദ്ദ ട്രാൻസ്പോർട്ടേഷൻ കമ്പനി അറിയിച്ചു.
സെയിൽസ് പോയന്റുകൾ വഴിയോ സാപ്റ്റികോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ പണമടച്ച് ടിക്കറ്റ് വാങ്ങാം. ജിദ്ദ എയർപോർട്സ് കമ്പനിയുമായും സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റികോ)യുമായും സഹകരിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.