റിയാദ്: തിരക്കേറിയ തെരുവുകളിലെ അനധികൃത കച്ചവടക്കാരിൽനിന്ന് സ്വന്തം ഇഖാമ കോപ്പി നൽകി മൊബൈൽ സിം കാർഡുകൾ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടം. അനധികൃതമായി സിമ്മുകൾ വാങ്ങിക്കൂട്ടുന്നവർ ജയിലറകളെയാണ് ചോദിച്ചുവാങ്ങുന്നത്. അടുത്തനാളുകളിലായി പല പ്രവാസികളും ഇത്തരത്തിൽ അപകടത്തിൽപെട്ടിരിക്കുകയാണ്. ഇങ്ങനെ അപകടത്തിലാകുന്നവരിൽ മലയാളികളും ഉൾപ്പെടുന്നു. ഒരാളുടെ തിരിച്ചറിയൽ രേഖയിൽ സൗദി അറേബ്യയുടെ നിലവിലെ സാഹചര്യത്തിൽ രണ്ടു സിമ്മുകൾ മാത്രമാണ് ലഭിക്കുക. എന്നാൽ, ഇത്തരം അനധികൃത കച്ചവടക്കാരിൽനിന്ന് എത്ര സിമ്മുകളും ലഭിക്കും. ഇതൊരു കുറ്റകൃത്യമാണെന്ന് മനസ്സിലാക്കാതെ സ്വന്തം തിരിച്ചറിയൽ രേഖകൾ നൽകി സിമ്മുകൾ വാങ്ങി ഉപയോഗിക്കുന്നവർ വലിയ അപകടങ്ങളിലാണ് പെടുന്നത്. ഇതേ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വേറെയും ആളുകൾ നിരവധി കണക്ഷനുകൾ എടുക്കുകയും അതുപയോഗിച്ച് വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജിദ്ദയിലെ സൂപ്പർ മാർക്കറ്റിൽ ഒമ്പത് വർഷമായി ജോലിചെയ്യുന്ന മലപ്പുറം മങ്കട സ്വദേശി അണ്ണൻതൊടി അബ്ദുറഹ്മാൻ ഇത്തരം ഒരു തട്ടിപ്പിനിരയാണ്. തെൻറ ഇഖാമയിൽ അജ്ഞാതൻ സിം എടുത്ത് നടത്തിയ തട്ടിപ്പിൽ കുടുങ്ങി ഇദ്ദേഹം ജയിലിലായ സംഭവമാണുണ്ടായത്. സാമൂഹിക പ്രവർത്തകെൻറ സമയോചിത ഇടപെടലിലൂടെ മോചിതനാകാൻ കഴിഞ്ഞത് ആശ്വാസമായി.
വർഷങ്ങൾക്കു മുമ്പാണ് അബ്ദുറഹ്മാൻ തെൻറ ഇഖാമ കോപ്പി നൽകി സൈൻ കമ്പനിയുടെ സിം കാർഡ് തെൻറ പേരിൽ എടുത്തത്. നാലുമാസം മുമ്പ് അപ്രതീക്ഷിതമായാണ് റിയാദിലെ ഖാലിദിയ പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു സാമ്പത്തിക തട്ടിപ്പിെൻറ പേരിൽ ഫോൺ കാൾ വന്നത്. താൻ പലരെയും ഫോണിൽ വിളിച്ച് ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ചോർത്തുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്തു എന്നാണ് കേസ്. തന്നെ വിളിച്ചത് ഏതെങ്കിലും തട്ടിപ്പുകാരാകുമെന്നുകരുതി അബ്ദുറഹ്മാൻ ആ വിളി കാര്യമായെടുത്തില്ല. ഒടുവിൽ ഇഖാമ പുതുക്കാൻ ശ്രമിക്കുമ്പോഴാണ് കേസ് ഗുരുതരമാണെന്ന് മനസ്സിലാകുന്നത്. ഇഖാമ അന്വേഷണ വിധേയമായി മരവിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടാനുമാണ് മനസ്സിലാക്കാനായത്.
ജിദ്ദയിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ കേസ് റിയാദിലാണെന്നും അവിടെ ഹാജരാകണമെന്നും നിർദേശം ലഭിച്ചു. ഇതേത്തുടർന്ന് അബ്ദുറഹ്മാൻ റിയാദിലെ ഗൾഫ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകനായ റാഫി പാങ്ങോടിനെ വിവരം അറിയിക്കുകയും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇദ്ദേഹത്തിെൻറ ഇഖാമയിൽ നിരവധി സിമ്മുകൾ എടുത്തതായും സാമ്പത്തിക തട്ടിപ്പു നടത്തിയതായും അറിയാൻ കഴിഞ്ഞു.
നേരിട്ട് സ്റ്റേഷനിൽ ഹാജരായി തെൻറ നിരപരാധിത്വം ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനാൽ കേസിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തങ്ങളുടെ പേരിൽ അജ്ഞാതർ മൊബൈൽ നമ്പറുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് റാഫി പാങ്ങോട് പറഞ്ഞു. പ്രീ പെയ്ഡ് മാത്രമല്ല പോസ്റ്റ് പെയ്ഡ് സിമ്മും ഇതുപോലെ വ്യാജമായി എടുക്കുന്നുണ്ട്. ഒടുവിൽ ബില്ല് വരുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തിൽ ഭീമമായ ബില്ല് വന്ന നിരവധിപേർ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലും മറ്റു ഓഫിസുകളിലും കയറിയിറങ്ങുന്നുണ്ട്. ചിലർ എക്സിറ്റ് റീ എൻട്രി വിസക്കായി സമീപിക്കുമ്പോഴാണ് കുരുക്കിലാണെന്നു പോലും അറിയുക. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കു പോലും ചിലർ ഇത്തരം കണക്ഷനുകൾ ഉപയോഗിക്കുന്നതായും ചില ഓൺലൈൻ തട്ടിപ്പുകൾക്കും ഉപയോഗിച്ച് നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലുകളിൽ കഴിയേണ്ടി വരുന്നുണ്ടെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഇത്തരം വിഷയത്തിൽ പ്രവാസികൾ ഏറെ ശ്രദ്ധിക്കണമെന്നും അംഗീകൃത ഇടങ്ങളിൽനിന്ന് മാത്രമേ സിം കാർഡുകൾ വാങ്ങാൻ പാടുള്ളൂവെന്നും അനുഭവസ്ഥർ പറയുന്നു. ഓരോരുത്തരും സ്വന്തം തിരിച്ചറിയൽ രേഖകളിൽ എത്ര കണക്ഷനുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ഉപയോഗമില്ലാത്തവ കാൻസൽ ചെയ്യുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.