റിയാദിൽ ആഗോള സഖ്യത്തിന്‍റെ പ്രഥമ ഉന്നതതല സമ്മേളനത്തിന്​ തുടക്കമായപ്പോൾ

ഫലസ്തീനിൽ ദ്വിരാഷ്​ട്ര പരിഹാരം; ആഗോള സഖ്യത്തിന്‍റെ പ്രഥമ ഉന്നതതല സമ്മേളനത്തിന്​ റിയാദിൽ തുടക്കം

റിയാദ്​: ഫലസ്തീനിൽ ദ്വിരാഷ്​ട്ര പരിഹാരം നടപ്പാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനുള്ള ആഗോള സഖ്യത്തി​െൻറ പ്രഥമ ഉന്നതതല സമ്മേളനം റിയാദിൽ ആരംഭിച്ചു. റിയാദ് ഇൻറർകോൺടിനെൻറൽ ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്​ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. റിയാദ്​ ആതിഥേയത്വം വഹിക്കുന്ന ഈ ഉന്നതതല യോഗം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്​ട്രം യാഥാർഥ്യമാക്കുന്നതിനും ഇസ്രായേലി​െൻറ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിനുള്ള നടപടികളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഫലസ്​തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ്​ ആൻഡ്​ വർക്​സ്​ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) മേധാവി ഫിലിപ്പ്​ ലാസർനി യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ യു.എൻ.ആർ.ഡബ്ല്യു.എയ്‌ക്കെതിരെ ഇസ്രയേലി പാർലമെൻറായ ‘നെസെറ്റ്’ നടത്തിയ വോട്ടെടുപ്പ് അതിരുകടന്നതും അപകടകരമായ ഒരു കീഴ്​വഴക്കം സൃഷ്​ടിക്കുന്നതാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയെ അപകീർത്തിപ്പെടുത്തുന്നതിനും ഫലസ്തീൻ അഭയാർഥികൾക്ക് മാനുഷികവും വികസനപരവുമായ സഹായം നൽകുന്നതിനെ നിയമവിരുദ്ധമാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാമ്പയിനിലെ ഏറ്റവും പുതിയ നീക്കമായേ ഇതിനെ കാണാനാവൂ. യു.എൻ റിലീഫ്​ ഏജൻസിയെ പൊളിക്കണമെന്ന് ഇസ്രായേലി സർക്കാർ ഉദ്യോഗസ്ഥർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. യു.എൻ ജനറൽ അസംബ്ലിയുടെയും സെക്യൂരിറ്റി കൗൺസിലി​െൻറയും പ്രമേയങ്ങളെയും അന്താരാഷ്​ട്ര നീതിന്യായ കോടതിയെയും ധിക്കരിച്ചാണ്​ അവർ ഗസ്സക്കെതിരെ യുദ്ധം ചെയ്യുന്നത്​. അതിനൊപ്പം അവരുടെ ലക്ഷ്യമാണ്​​ കിഴക്കൻ ജറുസലേമിൽനിന്ന്​ യു.എൻ.ആർ.ഡബ്ല്യു.എയെ ഒഴിവാക്കി പകരം അവരുടെ കുടിയേറ്റ ജനവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി. ഇത്​ ഫലസ്തീനികളുടെ ദുരിതം കൂടുതൽ ആഴത്തിലാക്കും.

ഇത്​ യു.എൻ.ആർ.ഡബ്ല്യു.എയ്‌ക്കെതിരെ മാത്രമല്ല, ഫലസ്തീനികൾക്കും അവരുടെ അഭിലാഷങ്ങൾക്കും എതിരെയാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തി​െൻറ സമാധാനപരമായ പരിഹാരത്തിനായി ദീർഘകാലമായി നിലവിലുള്ള മാനദണ്ഡങ്ങളെ ഏകപക്ഷീയമായി മാറ്റാനുള്ള ബോധപൂർവമായ ശ്രമത്തിനാണ്​ നാം സാക്ഷ്യം വഹിക്കുന്നതെന്നും ഇത്​ പ്രാദേശിക സ്ഥിരതയ്ക്കും അന്താരാഷ്​ട്ര സമാധാനത്തിനും സുരക്ഷക്കും സൃഷ്​ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും ഫിലിപ്പ്​ ലാസർനി തുറന്നടിച്ചു. 


ഫലസ്തീൻ പ്രശ്​നം രണ്ട്​ രാഷ്​ട്രമെന്ന ഫോർമുലയിലൂടെ പരിഹരിക്കാനും അത്​ സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കാനും സമാധാന ശ്രമങ്ങളെ ഉത്തേജിപ്പിക്കാനുമുള്ള നീക്കമാണ്​ ആഗോള സഖ്യത്തി​െൻറ ലക്ഷ്യം. ദ്വിരാഷ്​ട്ര പരിഹാരത്തിനായി അറബ്, ഇസ്​ലാമിക, യൂറോപ്യൻ മേഖലയിലെ 149 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ആഗോള സഖ്യം രൂപവത്​കരിച്ചതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞ മാസമാണ്​ പ്രഖ്യാപിച്ചത്​. പ്രഥമ ഉന്നതതല യോഗം ലക്ഷ്യം കാണുന്നതിനുള്ള പ്രായോഗിക നടപടികളെ കുറിച്ച്​ ആലോചിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള വഴികൾ ആരായും.

ഈ ഉന്നതതല യോഗത്തിൽ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളുടെ നേതാക്കളും നയതന്ത്രജ്ഞരും ദൂതന്മാരും പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളുമാണ്​ പ​െങ്കടുക്കുന്നത്​​. ഇന്ത്യൻ പ്രതിനിധിയായി റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബൂ മാത്തൻ ജോർജ്​ പ​ങ്കെടുക്കുന്നുണ്ട്​. അറബ്​, ഇസ്​ലാമിക രാജ്യങ്ങളുടെ മന്ത്രിതല സംഘം, ഇസ്​ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്​മയായ ഒ.​െഎ.സി, യൂറോപ്യൻ യൂനിയൻ, നോർവേ എന്നിവയുടെ പങ്കാളിത്തത്തിലാണ്​ യോഗം നടക്കുന്നത്​. വ്യാഴാഴ്​ച വൈകീ​ട്ട്​ യോഗം സമാപിക്കും.

Tags:    
News Summary - Binational Solution in Palestine; The first high-level meeting of the global alliance has started in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.