റിയാദ്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച നയനിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. പ്രവാസി വെൽഫെയർ സൗദി ഘടകത്തിെൻറ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദിൽ പ്രതികരിക്കുകയായിരുന്നു. സംഘ്പരിവാറിന് കൂടുതൽ സ്വാധീനമുണ്ടായിരുന്ന പാലക്കാട് ബി.ജെ.പി പരാജയപ്പെടണം, ഇടതു സർക്കാർ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാർ പ്രീണനനയങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകണം എന്നതായിരുന്നു വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച സുപ്രധാന തെരഞ്ഞെടുപ്പ് സമീപനമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം സംസ്ഥാന സർക്കാരിെൻറ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായി കൂടി തെരഞ്ഞെടുപ്പ് ഫലം മാറണമെന്നും പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഈ നയങ്ങൾ വിജയിപ്പിക്കാൻ താഴെ തട്ടിൽ നടത്തിയ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയം കണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ്.
പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒരേ പോലെ നടത്തിയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുനമ്പം വിഷയം മുതലെടുത്തുകൊണ്ട് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്താനായിരുന്നു ബി.ജെ.പി കിണഞ്ഞുപരിശ്രമിച്ചിരുന്നത്. ബി.ജെ.പിയെ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതിെൻറ വ്യക്തമായ ചിത്രം പാലക്കാട് തരുന്നുണ്ട്. ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിക്കെതിരിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് ശുഭോദർക്കമാണ്. മുസ്‌ലിം മാനേജ്‌മെൻറുകൾക്ക് കീഴിലെ ചില പത്രങ്ങളിൽ പച്ചയായ വർഗീയത വെളിവാക്കിയ പരസ്യങ്ങൾ നൽകി ബി.ജെ.പിയോടൊപ്പം മത്സരിക്കാനാണ് സി.പി.എം ശ്രമിച്ചത്. സി.പി.എമ്മിെൻറ ചരിത്രത്തിലെ തന്നെ ഏറ്റവും നീചമായ പ്രചാരണങ്ങളാണ് ഇത്തവണ പാലക്കാട് കണ്ടത്. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ഈ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞ പ്രബുദ്ധമായ ജനവിധിയാണ് പാലക്കാട് ഉണ്ടായിരിക്കുന്നത്.
ചേലക്കരയിലും എൽ.ഡി.എഫിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേടിയ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് അതിന് തെളിവാണ്. വയനാട്ടിലും എൽ.ഡി.എഫ് - ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ട് നിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്ന നിലയിലാണ് പുറത്തുവന്നിരിക്കുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാത്തതിെൻറ പ്രതിഫലനമാണ് മഹാരാഷ്ട്രയിൽ കാണുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സംഘ്പരിവാറിനെതിരിൽ ഇൻഡ്യ മുന്നണി രൂപപ്പെടുത്തിയ വിശാലമായ രാഷ്ട്രീയ നീക്കങ്ങൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമായ സംഘവിരുദ്ധ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നതിന് പകരം പ്രാദേശികമായ താല്പര്യങ്ങൾക്കും വ്യക്തിതാല്പര്യങ്ങൾക്കും മറ്റും മുൻഗണന നൽകി രാഷ്ട്രീയ മുന്നേറ്റങ്ങൾ ദുർബലമാകുന്ന അനുഭവം മഹാരാഷ്ട്രയിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.