കേന്ദ്രമന്ത്രി കിരൺ റിജിജുവും ഉദ്യോഗസ്ഥരും മദീന മസ്ജിദുന്നബവിക്ക് സമീപം
ജിദ്ദ: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ജിദ്ദയിൽ നടക്കുന്ന ഹജ്ജ് സമ്മേളനത്തിൽ പങ്കെടുത്തു. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ്, ഉംറ സമ്മേളന, പ്രദർശന പരിപാടിയിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന സെഷനിലാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളോടൊപ്പം മന്ത്രി സംബന്ധിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാന് സൂരി, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും സമ്മേളനത്തിൽ മന്ത്രിയോടൊപ്പം പങ്കെടുത്തു.
വൈകീട്ട് സൗദി ഹജ്ജ് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയോടൊന്നിച്ചു് ഇന്ത്യ-സൗദി ഹജ്ജ് കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും ഹജ്ജ് സമ്മേളനത്തിൽ പങ്കെടുത്തത്. തുടർന്ന് ജിദ്ദയിൽനിന്നും അൽഹറമൈൻ ട്രെയിൻ വഴി മദീനയിലെത്തിയ മന്ത്രിയും സംഘവും 2025 ലെ ഹജ്ജിനായി ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്തി.
ഹജ്ജ് ടെർമിനൽ, മസ്ജിദുന്നബവി പരിസരം, മറ്റു പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസങ്ങളിലെ സന്ദർശനം പൂർത്തിയാക്കി മന്ത്രി ഇന്ന് ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.