തണുപ്പുകാലം ആസ്വദിക്കാൻ തമ്പുകളിലെത്തിയവർ (ഫയൽ ഫോട്ടോ)
യാംബു: സൗദിയിലെ ശൈത്യകാലം അടുക്കുന്നതോടെ തമ്പ് കെട്ടി മരുഭൂമിയിലും കടലോരങ്ങളിലും ആസ്വദിക്കുന്നവരുടെ സീസൺ കൂടി വരുകയാണ്. ഡിസംബർ മുതൽ സൗദിയുടെ പലമേഖലകളിലും തണുപ്പ് പതിയെ പതിയെ കൂടുമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ നിരീക്ഷകർ. മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിക്കാൻ കൂടി അനുമതി നൽകുന്ന കാലം പ്രതീക്ഷിച്ചിരിക്കുകയാണ് സ്വദേശികളും വിദേശികളുമായ തണുപ്പാസ്വാദകർ.
തണുപ്പിെൻറ സുഖശീതളിമ അനുഭവിച്ചറിയാനും ചൂടുള്ള ഇഷ്ടവിഭവങ്ങൾ ഭക്ഷിച്ച് കൂട്ടുകാരോടൊപ്പം കളിതമാശകൾ പങ്കുവെച്ച് ഉണർവുള്ള രാത്രികളാണ് ഇനി വരാനിരിക്കുന്നത്. ഇന്ത്യക്കാരടക്കമുള്ള വിദേശികൾ തമ്പുകാലം ആസ്വദിക്കുന്നതിന് രംഗത്തുവരുന്നത് പരിമിതമാണെങ്കിലും സിറിയ, യമൻ, ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് വംശജരാണ് സ്വദേശികൾക്കുപുറമെ മരുഭൂമിയിൽ ടെൻറ് കെട്ടി തണുപ്പാസ്വാദിക്കാൻ എത്താറ്. സുരക്ഷ ചട്ടങ്ങൾ പാലിച്ച് തമ്പു കെട്ടാനും നിയമനടപടികൾ പൂർത്തിയാക്കി ടെൻറുകൾ ഒരുക്കാനും ഓരോ പ്രദേശത്തെയും മുനിസിപ്പാലിറ്റി അധികൃതർ ഇതിനകം നിർദേശം നൽകി. തമ്പ് മേഖലകളിൽ പ്രത്യേക പരിശോധനകൾക്കായി മുനിസിപ്പൽ-പരിസ്ഥിതി വകുപ്പുകൾക്ക് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ക്യാമ്പിങ് സൈറ്റിൽ ഒരു തരത്തിലുമുള്ള മാലിന്യവും കത്തിക്കരുതെന്നും ഒാരോ തമ്പുകൾക്കിടയിലും അധികൃതർ നിർദേശിക്കുന്ന അകലം വേണമെന്നും നിർദേശമുണ്ട്. കുടിവെള്ളം, പ്രഥമ ശുശ്രൂഷ കിറ്റ്, വെളിച്ചം തുടങ്ങിയ എല്ലാ സൗകര്യങ്ങളും താമസിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെടുക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിബന്ധനകൾ പാലിച്ചവർക്ക് മാത്രമേ തമ്പു കെട്ടാൻ അനുമതി നൽകൂവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം കോവിഡ് പശ്ചാത്തലത്തിൽ തമ്പുകെട്ടാൻ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇക്കുറി കൂടുതൽ ആളുകൾ തമ്പുകാലം ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.