ദമ്മാം: മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടേറെ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായ പൂവച്ചൽ ഖാദർ, പ്രശസ്ത സംഗീതജ്ഞ പത്മശ്രീ പാറശാല പൊന്നമ്മാൾ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മുന്നൂറിലേറെ ചലച്ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയ പൂവച്ചൽ ഖാദറുടെ പാട്ടുകൾ എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.
എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്ത് നിറഞ്ഞുനിന്ന ഖാദർ എഴുതിയ പാട്ടുകളിൽ ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടക്കലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ പ്രശസ്തങ്ങളായി. ഖാദറിെൻറ നാടകഗാനങ്ങളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും എല്ലാവിധ ജനവിഭാഗങ്ങളുടെയും ഇഷ്ടം നേടിയവയാണ്.
കോഴിക്കോട് ആകാശവാണിക്ക് വേണ്ടി അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്ക് ധാരാളം ശ്രോതാക്കളുണ്ടായിരുന്നു. നിറകതിര്‍ താലംകൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിന് മധുരം എെൻറ മാനസമിന്ന് നുകര്‍ന്നു, രാമായണക്കിളി ശാരികപ്പൈങ്കിളി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെെൻറ, പഥികന് പാടുന്നു പഥികന് പാടുന്നു തുടങ്ങിയ പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്. തളിരിട്ട മരംചാടി കതിരിട്ട മിഴിയുമായി, കസവിന് തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിേൻറതായുണ്ട്. നല്ലൊരു കവിയുമായിരുന്ന അദ്ദേഹം കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിത സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അർഹിക്കുന്ന അംഗീകാരങ്ങൾ പലതും ലഭിക്കാതെ പോയ കവി എന്ന് നിശ്ചയമായും പറയാമെങ്കിലും സാധാരണ ജനത്തിെൻറ ഹൃദയത്തിൽ അദ്ദേഹം രചിച്ച ഗാനങ്ങൾ എന്നുമുണ്ടാകുമെന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വിഖ്യാത കര്‍ണാടക സംഗീതജ്ഞയായ പാറശാല പൊന്നമ്മാൾ, പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ഗുരുവാണ്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം.ജി. രാധാകൃഷ്ണൻ, പൂവരണി കെ.വി.പി. നമ്പൂതിരി തുടങ്ങിയ പ്രമുഖർ അവരുടെ ശിഷ്യരായിരുന്നു.
ഇന്ത്യൻ കർണാട്ടിക് സംഗീതത്തെ അതിെൻറ ഉന്നതിയിൽ എത്തിച്ച സംഗീതജ്ഞയായിരുന്നു അവർ. ഒരു ജീവിതകാലം മുഴുവൻ സംഗീതത്തിനായി ഉഴിഞ്ഞുവെച്ച അവർക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗായകരത്നം അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെലോഷിപ്, കേന്ദ സംഗീതനാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങിയ പല പുരസ്കാരങ്ങളും സ്വന്തമാക്കിയ അവർ, ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന് നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.