യാംബു: അഴിമതിക്കേസിൽ ഒരു മാസത്തിനിടെ 41 പേർ സൗദിയിൽ അറസ്റ്റിൽ. കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ചൂഷണം, വ്യാജരേഖ ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇത്രയുംപേർ പിടിയിലായത്.
161 പ്രതികൾക്കെതിരെ അന്വേഷണം തുടരുന്നു. കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമീഷൻ (നസഹ) അതോറിറ്റി കഴിഞ്ഞദിവസം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടകാര്യം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും അതോറിറ്റി വ്യക്തമാക്കി.
'നസഹ'യുടെ അഴിമതിവിരുദ്ധ പോരാട്ടം ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത പഴുതടച്ച നിലയിൽ തുടരുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുമ്പിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും നസഹ അതോറിറ്റി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ, അഴിമതിവിരുദ്ധ അതോറിറ്റി ധാരാളം കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കിവരുന്നതായും മന്ത്രാലയം അറിയിച്ചു.
അധികാര ദുർവിനിയോഗങ്ങളെക്കുറിച്ചും അഴിമതികളെക്കുറിച്ചും 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന നമ്പറിൽ ഫാക്സ് വഴിയോ ലഭ്യമായ മറ്റു ഔദ്യോഗിക ചാനലുകൾ വഴിയോ പൊതുജനങ്ങൾ അറിയിക്കണമെന്നും നസഹ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.