റിയാദ്: ആവശ്യക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് ഇടപാട് നടത്തി കബളിപ്പിക്കുന്ന സൈബർ തട്ടിപ്പ് സംഭവങ്ങൾ വർധിക്കുന്നു. വർഷങ്ങളായി റിയാദിൽ ട്രാവൽ, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ് കോണ്ടിനെന്റ്സ് സ്ഥാപന ഉടമയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അബ്ദുൽ ഗഫൂറിന് അടുത്തിടെ ഇത്തരം ദുരനുഭവങ്ങളുണ്ടായി.
കഴിഞ്ഞ വർഷം നാലര ലക്ഷം റിയാൽ ഇത്തരമൊരു ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് നടപടികൾ തുടരുന്നതിനിടയിൽ ഇപ്പോൾ വീണ്ടുമൊരു കെണിയിൽ വീഴ്ത്തൽ ശ്രമത്തിന് കൂടി ഇരയാകേണ്ടി വന്ന ഞെട്ടലിലാണ് ഇദ്ദേഹം. യാത്രാസൗകര്യം ഒരുക്കുന്ന ജോലിയായതിനാൽ അത്തരം ആവശ്യങ്ങളുമായി ധാരാളം ആളുകൾ ബന്ധപ്പെടാറുണ്ട്. കൈറോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നാലു ദിവസത്തേക്ക് രണ്ടു മുറികൾ ബുക്ക് ചെയ്തുതരണമെന്ന ആവശ്യവുമായാണ് തട്ടിപ്പുകാരൻ വാട്സ്ആപ്പിൽ ബന്ധപ്പെട്ടത്. ഉപഭോക്താവ് ആവുമെന്ന ധാരണയിൽ ക്വട്ടേഷൻ നൽകുകയും വിലപേശലില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്തു. മുറി ബുക്ക് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നപ്പോൾ അതിനാവശ്യമായ ബാലൻസ് അക്കൗണ്ടിൽ ഇല്ലാത്തതിനാൽ തൽക്കാലം അത് പൂർത്തീകരിക്കാനായില്ല. ഉപഭോക്താവിനെ കൊണ്ട് തന്നെ പണം അടപ്പിച്ച് ബുക്കിങ് പൂർത്തിയാക്കാമെന്ന് കരുതി അക്കാര്യം ആയാളോട് ആവശ്യപ്പെട്ടു. അൽപസമയത്തിന് ശേഷം പണമടച്ച ഒരു രസീത് വാട്സ്ആപ് വഴി അയാൾ അയച്ചുതരികയും ചെയ്തു. എന്നാൽ, ഒറ്റനോട്ടത്തിൽ തന്നെ വ്യാജ രസീത് ആണെന്ന് സംശയം തോന്നി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്നെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ അനുഭവം റിയാദിലെ മറ്റൊരു പ്രമുഖ ട്രാവൽ ഏജൻസിയിലെ ഉദ്യോഗസ്ഥനും ഉണ്ടായി. അപരിചിതനായ ഉപഭോക്താവ് പരിചിതനെ പോലെ ഇടപെട്ടാണ് തട്ടിപ്പിന് വഴി തുറക്കുന്നത്. പലപ്പോഴും പെട്ടുപോകും. ജോലിത്തിരക്കിനിടെ പരിചയക്കാരനെ പോലെ പേരുവിളിച്ച് വന്ന് ആവശ്യമുന്നയിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണെന്ന് അനുഭവസ്ഥർ പറയുന്നു. തട്ടിപ്പിന് എ.ഐ സംവിധാനം പോലും ഉപയോഗിക്കുന്നുണ്ട്.
ജിദ്ദയിലും ദമ്മാമിലും ട്രാവൽ, ടൂറിസം രംഗത്തുള്ള പലർക്കും ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അബ്ദുൽ ഗഫൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്റെ ഇമെയിൽ ഹാക്ക് ചെയ്ത് സ്ഥാപനത്തിന്റെ ഉപഭോക്താക്കളെ സൈബർ കുറ്റവാളികൾ സമീപിച്ചതായി പിന്നീട് മനസ്സിലാക്കി. ഇമെയിലിന് സമാനമായി ഒരക്ഷരത്തിൽ മാറ്റം വരുത്തി ഉണ്ടാക്കി ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ഇവരുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.