ഖത്തറിൽ ഓൺ അറൈവൽ വിസ അനുവദിക്കാനുള്ള തീരുമാനം സൗദി പ്രവാസികൾക്ക് ആശ്വാസമാകും

ജിദ്ദ: ഖത്തറിൽ ഓൺ അറൈവൽ വിസ അനുവദിക്കാനുള്ള തീരുമാനം സൗദിയിലേക്ക്​ തിരിച്ചുവരാൻ വഴിയും കാത്ത്​ നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. ഈ മാസം 15 മുതൽ ടൂറിസ്​റ്റ്​ വിസ അനുവദിക്കാനുള്ള മാലദ്വീപിന്റെ തീരുമാനവും സൗദിയിലേക്കുള്ള യാത്രക്ക്​ ഏറെ ഉപകാരപ്രദമാകും. നിലവിൽ നാട്ടിലുള്ള നിരവധി പേർക്ക് ഇത് വഴി ചുരുങ്ങിയ നിരക്കിൽ തന്നെ സൗദിയിലെത്താൻ സാധിക്കും. ടിക്കറ്റ് നിരക്കും ഖത്തറിലെ ഹോട്ടൽ ചെലവും മാത്രമാണ് വഹിക്കേണ്ടി വരിക. വിസക്ക് പ്രത്യേക ഫീസ്​ ഇല്ലാത്തതും വലിയ അനുഗ്രഹമാണ്​. ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്കും കുറവാണ്. ഇപ്പോൾ രണ്ട്​ ലക്ഷത്തിന് മുകളിലാണ് മറ്റു രാജ്യങ്ങൾ വഴി സൗദിയിലെത്താൻ ചെലവ് വരുന്നത്. ഇത് ഒരു ലക്ഷത്തിന് താഴെയായി കുറയ്​ക്കാനാകും.

തിങ്കളാഴ്ച മുതലാണ് ഖത്തറിൽ പുതിയ യാത്രാ നയം പ്രാബല്യത്തിൽ വന്നത്. ഇതിലാണ് ഇന്ത്യാക്കാർക്കുള്ള ഓൺ അറൈവൽ യാത്രാ സൗകര്യം കൂടി അനുവദിക്കാൻ ധാരണയുള്ളത്. ഇതു സംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ, എന്നുമുതൽ അനുവദിച്ചു തുടങ്ങും എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ഖത്തറിൽ ഒരുമാസത്തേക്കാണ് വിസ അനുവദിക്കുക. വേണമെങ്കിൽ സൗജന്യമായി ഒരു മാസത്തേക്ക് പുതുക്കാനും സാധിക്കും. ഖത്തർ അംഗീകൃത വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ക്വാറൻറീൻ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണമെന്ന് മാത്രം. ഖത്തറിൽ ക്വാറൻറീൻ ഇല്ല എന്നുള്ളതും അവിടെ നിന്നും സൗദിയിലേക്ക് വിമാന സർവിസുകൾ ധാരാളം നിലവിലുള്ളതും സൗദിയിലെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ നിർബന്ധമാണ്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി ഖത്തറിന്റെ 'ഇഹ്തിറാസ്' വെബ്സൈറ്റിൽ (https://www.ehteraz.gov.qa) രജിസ്​റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചാലേ യാത്രക്ക് സാധിക്കൂ. വരും ദിവസങ്ങളിൽ നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾ ഖത്തർ വഴിയും മാലദ്വീപ് വഴിയും സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാവൽ ഏജൻസികൾ ഇതിന് വേണ്ടി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തിരിച്ചുവരവ് പ്രയാസമായതുകൊണ്ട് നിരവധി പേരാണ് വെക്കേഷൻ മാറ്റി ഇപ്പോൾ സൗദിയിൽ കഴിയുന്നത്. ഖത്തർ, മാലദ്വീപ് വഴികൾ തുറന്നുകിട്ടിയാൽ ഇവർക്ക് വെക്കേഷന് പോകാനും നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ച് വരാനും സാധിക്കും.

Tags:    
News Summary - decision to issue an on-arrival visa in Qatar will bring relief to Saudi expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.