ദമ്മാം: ഭാവവിസ്മയ ദ്രുതതാള നൃത്തച്ചുവടുകളാൽ ദമ്മാമിലെ കലാപ്രേക്ഷകർക്ക് പ്രിയംകരിയാണ് ധൻവി ഹരികുമാർ എന്ന പെൺകുട്ടി. ഏഴ് വയസ്സിനുള്ളിൽ നുറുകണക്കിന് വേദികളിലാണ് ധൻവി നൃത്തങ്ങളിലൂടെ പ്രേക്ഷക മനം കവർന്നത്. സിനിമാറ്റിക് ഡാൻസിലാണ് ധൻവിയുടെ മികവ് കൂടുതൽ.
മൂന്നാമത്തെ വയസ്സ് മുതൽ ഡാൻസ് കളിച്ചുതുടങ്ങിയതാണ്. ശാസ്ത്രീയമായി പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ വേദികളിൽ അത്ഭുതമാവുകയായിരുന്നു.
ദമ്മാമിലെ കലാവേദികൾ ഒന്നുപോലും ഒഴിവാക്കാതെ പങ്കെടുക്കുന്നവരാണ് ധൻവിയുടെ മാതാപിതാക്കളായ ഹരികുമാറും സൗമ്യയും. ഒപ്പം ധൻവിയുമുണ്ടാകും. സാധാരണ കുട്ടികൾക്കുമപ്പുറത്ത് ധൻവി പരിപാടികളൊക്കെ ശ്രദ്ധയോടെ കാണും.
ഒരിക്കൽ സ്റ്റേജിൽ പാട്ടു നടക്കുമ്പോൾ അമ്മയുടെ മടിയിൽ നിന്നിറങ്ങിയ ധൻവി സ്റ്റേജിലെത്തി പാട്ടിനൊപ്പം ചുവടുവെക്കുകയായിരുന്നു. കേവലം മൂന്നു വയസ്സുകാരിയുടെ താളാത്മകമായ നൃത്തം കണ്ട് സദസ്സ് ഇളകി മറിഞ്ഞു.
തുടർന്ന് മിക്ക വേദികളിലും ധൻവിയുടെ പ്രകടനം പതിവായി. യാതൊരു പരിശീലനവുമില്ലാതെ പാട്ടിന്റെ താളത്തിനൊപ്പം അനുയോജ്യമായ ചുവടുകൾ ഈ കുട്ടി തനിയെ ചിട്ടപ്പെടുത്തുന്നു എന്നതായിരുന്നു ധൻവിയെ വ്യത്യസ്തയാക്കിയത്.
ഏറ്റവും പുതിയ പാട്ടുകൾക്ക് തനിയെ ചിട്ടപ്പെടുത്തിയ ചുവടുകൾ കണ്ടാൽ പരിചയ സമ്പന്നർപോലും അമ്പരക്കും. അത്രയേറെ തന്മയത്വത്തോടെയാണ് ഡാൻസ് അവതരിപ്പിക്കുന്നത്. ധൻവിയുടെ കഴിവ് അറിയുന്ന കിഴക്കൻ പ്രവിശ്യയിലെ കലാ സദസ്സിൽ ഈ കുട്ടിയുടെ പേര് വിളിക്കുന്നതോടെതന്നെ കരഘോഷം മുഴങ്ങും.
വേദിയിൽ കയറുന്നതുവരെ അമ്മയുടെ സാരിത്തുമ്പിൽ മറഞ്ഞുനിൽക്കുന്ന ധൻവി വേദിയിൽ കയറുന്നതോടെ മറ്റൊരാളായി മാറും. അതോടെ സദസ്സും അവൾക്കൊപ്പം നൃത്തം വെക്കുന്നത് ദമ്മാമിലെ കലാ വേദികളിൽ പതിവ് കാഴ്ചയാണ്. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും ഈ കൊച്ചുമിടുക്കി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പുറത്തിറങ്ങിയ ‘അകലം’ എന്ന ഷോർട്ട് ഫിലിമിൽ അസാധാരണമായ പ്രകടനമാണ് ധൻവി കാഴ്ചവെച്ചത്.
കോവിഡ് ബാധിതരായതോടെ അഞ്ച് വയസ്സുകാരിയായ മകളെ ഒറ്റക്കാക്കി ക്വാറന്റീൻ ഇരിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ കഥയായിരുന്നു അകലം. അതിൽ ഒറ്റപ്പെട്ടുപോയ അഞ്ച് വയസ്സുകാരിയെ ധൻവി മികവുറ്റ നിലയിലാണ് അവതരിപ്പിച്ചത്. ദിയ, നീയോർമകൾ, ചെങ്കൊടി, പ്രാഞ്ചിയേട്ടൻ വെബ്സീരീസ് തുടങ്ങിയവിലും മികച്ചവേഷം ചെയ്ത ധൻവി നെസ്റ്റോ, ഗ്രാൻറ് എന്നിവയുടെ പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അരാംകോ കമ്പനിയുടെ പരസ്യത്തിലും ഈ ബാലതാരം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര വാത്തിക്കുളം കൊഴിവിലേത്ത് വടക്കതിൽ ഹരി-സൗമ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ ധ്യാൻ ഒമ്പതാം ക്ലാസ് വിദ്യാർഥി. ദിവ്യ ടീച്ചറുടെ അടുത്ത് സംഗീതം, സൗമ്യ ടീച്ചറുടെ കീഴിൽ ക്ലാസിക്കൽ ഡാൻസ്, ഷാരൂഖിന് കീഴിൽ സിനിമാറ്റിക് ഡാൻസ് എന്നിവ അഭ്യസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.