ദമ്മാം: ഡിഫ സൂപ്പർ കപ്പിൽ യൂനിഗാർബ് ദല്ല എഫ്.സി, പസിഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, ഡിമ ടിഷ്യൂ ഖാലിദിയ്യ എഫ്.സി ടീമുകൾക്ക് വിജയം. റാക്കയിലെ അൽ-യമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സഡാഫ്കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ദല്ല എഫ്.സിയുടെ വിജയം. ദല്ലക്കായി കളം നിറഞ്ഞ് കളിച്ച സുഹൈൽ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അഡിഡ എഫ്.സിക്കെതിരെ അഞ്ച് ഗോളുകൾക്ക് മറി കടന്നായിരുന്നു പസിഫിക് ബദർ എഫ്.സി ക്വാർട്ടറിലേക്ക് കടന്നത്.
ബദറിനായി ഹസ്സൻ രണ്ട് ഗോളുകളും നിയാസ്, മുബാഷിർ, റഫീഖ് ഇത്താപ്പു എന്നിവർ ഓരോ ഗോളുകളും നേടി. ബദറിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഹസ്സൻ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തുല്യശക്തികൾ തമ്മിലുള്ള അവസാന മത്സരത്തിൽ പൊരുതി കളിച്ച എ.ആർ. എൻജിനീയറിങ് റോയൽ കമീഷൻ എഫ്.സിയുടെ കനത്ത വെല്ലുവിളിയെ ടൈബ്രേക്കറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അതിജയിച്ചാണ് ഖാലിദിയയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്നായിരുന്നു ടൈബ്രേക്കർ. ഖാലിദിയക്കായി ജസീമും ആർ.സി എഫ്.സിക്കായി ബിബിനും ഓരോ വീതം ഗോളുകൾ നേടി. ടൈബ്രേക്കറിൽ രണ്ട് നിർണായക സേവുകൾ നടത്തിയ ഖാലിദിയയുടെ മുബീൻ എടവണ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരിച്ചവർക്കും ഇന്ത്യൻ ഫുട്ബാളിലെ പ്രഗത്ഭ കളിക്കാരനും കോച്ചുമായിരുന്ന ടി.കെ. ചാത്തുണ്ണിക്കും സിഡ്നിയിലെ കടൽദുരന്തത്തിൽ മരിച്ച ദമ്മാം ഇൻറര്‍നാഷനൽ സ്കൂൾ പൂർവ വിദ്യാർഥി മർവ ഹാഷിമിനും അനുശോചനമറിയിച്ചാണ് മത്സരങ്ങൾ തുടങ്ങിയത്.
ഡ്രീം ഡസ്റ്റിനേഷൻ മാനേജിങ് പാർട്ണർ ലിയാഖത്തലി കാരങ്ങാടൻ, ഡിഫ മീഡിയ കൺവീനർ സഹീർ മജ്ദാൽ, ടൂർണമെൻറ് കമ്മിറ്റിയംഗം നവാസ് തൃപ്പനച്ചി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ഡിഫ ആക്ടിങ് പ്രസിഡൻറ് ഷഫീർ മണലൊടി, ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസൽ ജിഫ്രി, ടൈറ്റസ് ഇംകോ, റാസിഖ് വള്ളിക്കുന്ന്, അൻഷദ് തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.