ദമ്മാം: സമസ്ത കേരള ജംഇയ്യതുൽ ഉലമയിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ പ്രവാസി പോഷകഘടകത്തെയും പ്രവർത്തകരെയും വരുതിയിലാക്കാൻ നേതാക്കളുടെ നീക്കം. സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) പ്രവർത്തകരെയും നേതാക്കളെയും കാണാൻ എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ടി.എ. സാലിം ഫൈസി കുളത്തൂർ എന്നിവർ കഴിഞ്ഞദിവസങ്ങളിൽ സൗദിയിലെത്തി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ തങ്ങളെ അനുകൂലിക്കുന്ന പ്രവർത്തകരെ വിളിച്ചുകൂട്ടി അനൗദ്യോഗികമായി സമാന്തര കമ്മിറ്റികൾ രൂപവത്കരിച്ചതായാണ് വിവരം.
മക്ക, ജിദ്ദ, ബുറൈദ, റിയാദ്, ദമ്മാം എന്നീ പ്രവിശ്യകളിലാണ് സമാന്തര കമ്മിറ്റികൾക്ക് രൂപം കൊടുത്തിരിക്കുന്നത്. സമസ്തയിൽ പിളർപ്പ് യാഥാർഥ്യമായാൽ പോഷകഘടകങ്ങളെ തങ്ങളുടെ കൂടെ നിർത്തുക എന്ന ലക്ഷ്യമാണ് നേതാക്കളുടെ ഈ ശ്രമത്തിന് പിന്നിലുള്ളത്.
സമസ്തയുടെ ഔദ്യോഗിക തീരുമാനങ്ങളെ അട്ടിമറിക്കാൻ മറുസംഘം ശ്രമിക്കുന്നെന്ന എന്ന ആരോപണമാണ് ഇവർ പ്രവർത്തകരോട് പറയുന്നത്. നേരത്തേതന്നെ സമസ്തയിൽ രണ്ട് ധാരകൾ രൂപപ്പെട്ടിരുന്നെങ്കിലും പരസ്യമായി പ്രസ്താവനകളോ പ്രവർത്തനങ്ങളോ നടത്തിയിരുന്നില്ല. മാത്രമല്ല സമസ്തയുടെ തീരുമാനങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ, എസ്.ഐ.സിയുമായി ബന്ധപ്പെട്ട് ഹഖീം ഫൈസയുടെ കാര്യത്തിലുള്ള സമസ്ത മുഷാവറയുടെ തീരുമാനത്തെ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ അട്ടിമറിച്ചെന്നാണ് അമ്പലക്കടവിനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ നിസ്സാരമാക്കിയ പ്രവൃത്തിയായിരുന്നു ഇതെന്നും ഇവർ ആരോപിക്കുന്നു.
ഉംറക്ക് വന്ന നേതാക്കൾ നബിദിനവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിച്ചതിനെത്തുടർന്ന് ജയിലിൽ കിടക്കുന്ന പ്രവർത്തകർക്കായി പ്രാർഥന നടത്താനാണ് ദമ്മാമിലെത്തിയതെന്ന് എസ്.ഐ.സിയുടെ ദമ്മാമിലെ നേതാവ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അവർ വിളിച്ചുകൂട്ടിയ യോഗത്തിൽ താനുൾപ്പെടെ പത്തോളം പേരാണ് പങ്കെടുത്തതെന്നും ഏത് പക്ഷം എന്നതിലുപരി സമസ്ത നേതൃത്ത്വത്തോട് ഒപ്പം നിൽക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ പിളർത്തുന്നതിന് ശത്രുപക്ഷങ്ങളിൽനിന്ന് അച്ചാരം വാങ്ങിയവർ ഗൾഫിലെ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താനുള്ള നെറികെട്ട പ്രവർത്തിയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു.
ഇസ്ലാമിക് സെന്ററുകളുടെ പ്രവർത്തകരെ കാണാൻ ആഗ്രഹിച്ചാണ് യോഗം വിളിച്ചതെങ്കിൽ എന്തിന് ചിലരെ മാത്രം വിളിച്ചുകൂട്ടി എന്നും ഇവർ ചോദിക്കുന്നു. ഇവർ സ്വകാര്യ വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി പ്രവർത്തനങ്ങൾ തുടങ്ങിയതായും തെളിവുകൾ സഹിതം ഇവർ ആരോപിക്കുന്നു.
നിലവിൽ എസ്.ഐ.സിക്ക് സൗദിയിൽ 40-ൽപരം ഘടകങ്ങളാണുള്ളത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ സിലബസിന് കീഴിൽ 10 മദ്റസകളും പ്രവർത്തിക്കുന്നു. സമസ്തയിൽ ഒരു പിളർപ്പുണ്ടായാൽ ഇതെല്ലം സമാന്തര കമ്മിറ്റികൾ മുഖേന ഹൈജാക്ക് ചെയ്യാനാണ് നീക്കം. വിമത സംഘാടനം വെളിച്ചത്തായതോടെ നാട്ടിൽനിന്നെത്തിയ പണ്ഡിതന്മാർ ഇരുവരും കഴിഞ്ഞദിവസം ദമ്മാം വഴി നാട്ടിലേക്ക് മടങ്ങി. എന്നാൽ, ഇവർ തുടങ്ങിവെച്ച വിമതപ്രവർത്തനം എസ്.ഐ.സി ഘടകങ്ങളെ കാര്യമായി ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.