ദമ്മാം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്ക്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'ഡിസ്പാക്ക്', 'സിജി' ദമ്മാം ചാപ്റ്ററുമായി സഹകരിച്ച് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് വെബിനാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലെ ഏറ്റവും ആകർഷകമായി ജോലി സിവിൽ സർവിസ് ആണെന്നും അതിലേക്ക് എത്തിപ്പെടാനും കടമ്പകൾ കടക്കാനും കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെന്തൊക്കെ എന്നും വിശദീകരിച്ചു. അവരെ പ്രാപ്തരാക്കാനുതകുന്ന ഇത്തരം പരിപാടികൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര കാലത്ത് അഗ്രഹിച്ച കരിയറുകളിൽ എങ്ങനെ എത്തിപ്പെടാം എന്ന ആകാംക്ഷയിലാണ് ഭൂരിഭാഗം കുട്ടികളും. എക്സിക്യുട്ടീവ് ജോലികളിലെ ഏറ്റവും കാതലായ ജോലി സിവിൽ സർവിസ് തന്നെയാണ്.
രാഷ്ട്ര പുനർനിർമാണത്തിൽ സിവിൽ സർവിസിനോളം പങ്കുവഹിക്കുന്ന വേറെ പ്രഫഷൻ ഇല്ല. നിർഭാഗ്യവശാൽ ഗൾഫ് മേഖലയിലെ കുട്ടികൾക്ക് ഗുണപരമായ പരിശീലനം വേണ്ടത്ര ലഭിക്കാതെ പോകുന്നത് കൊണ്ടാണ് ഇവിടുത്തെ കുട്ടികൾ ആ മേഖലകളിൽ എത്തിപ്പെടാതെ പോകുന്നത്. 2030 ആകുമ്പേഴേക്കും നിലവിൽ നിലനിൽക്കുന്ന 30ശതമാനം ജോലികളും യന്ത്രവൽക്കരിക്കപ്പെടും എന്നാണ് പറയപ്പെടുന്നത്.
അവിടെയാണ് നൂതന ടെക്നോളജികൾ ഉൾക്കൊള്ളുന്ന കോഴ്സുകളെ കുറിച്ചുള്ള അറിവ് അനിവാര്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. കെ.കെ. ഇസ്സുദീൻ, കെ.എം. മുജീബുല്ല, പി.ടി. ഫിറോസ് എന്നിവരാണ് ക്ലാസുകൾ നിയന്ത്രിച്ചത്. സിജി ചീഫ് കോഒാഡിനേറ്റർ റഷീദ് ഉമർ മോഡറേറ്ററായിരുന്നു. ദമ്മാം ചാപ്റ്റർ ചെയർമാൻ നജീബ് എരഞ്ഞിക്കൽ സംസാരിച്ചു.
ഡിസ്പാക്ക് പ്രസിഡൻറ് സി.കെ. ഷഫീക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷഫ് ആലുവ സ്വാഗതവും ട്രഷറർ ഷമീം കട്ടാക്കട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.