റിയാദ്: നൂറോളം വനിത ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ക്യാമ്പിൽ നേരിട്ട് ചെന്നാണ് 17ാംഘട്ട കിറ്റുകൾ എത്തിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പാണ് ഇത്.
തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്ന ഇവർക്ക് എല്ലാ റമദാൻ കാലത്തും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. റിയാദിനു സമീപമുള്ള ഹുറൈംല, അൽഖർജ്, മുസാഹ്മിയ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്നവർ താമസിക്കുന്ന പ്രദേശങ്ങളിൽ റമദാൻ കിറ്റ് എത്തിക്കുമെന്ന് കോഓഡിനേറ്റർ ഷാജഹാൻ കാഞ്ഞിരപ്പള്ളിയിൽ, രാജു പാലക്കാട് എന്നിവർ അറിയിച്ചു.
ഏതെങ്കിലും ക്യാമ്പുകളിൽ പ്രയാസം നേരിടുന്ന തൊഴിലാളികളോ ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളോ ഉണ്ടെങ്കിൽ അറിയിച്ചാൽ സഹായം എത്തിക്കുമെന്ന് വനിത കോഓഡിനേറ്റർ ഷഫീന അറിയിച്ചു.
കിറ്റ് വിതരണത്തിന് ചെയർമാൻ റാഫി പാങ്ങോട്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സനിൽകുമാർ, വൈസ് പ്രസിഡൻറ് അഷറഫ് ചേലാമ്പ്ര, കുമ്മിൾ നസീർ, വനിത കമ്മിറ്റി അംഗങ്ങളായ ഷഫീന, മുന്ന അയ്യൂബ്, സുഹ്റ ബീവി തുടങ്ങിയവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിലും കിറ്റ് വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.