യാംബു: ശക്തമായ കാറ്റും തിരമാലകളും കാരണം ഉംലജ് കടൽ തീരത്ത് കുടുങ്ങിയ 40 ഡോൾഫിനുകൾക്ക് രക്ഷകരായി ദേശീയ വന്യജീവി വികസന കേന്ദ്രം. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വേലിയേറ്റത്തിൽ ഉംലജിന്‍റെ ആഴം കുറഞ്ഞ കടൽ ഭാഗത്തിനടുത്തുള്ള കണ്ടൽ കാടുകളിലാണ് ഡോൾഫിനുകൾ കുടുങ്ങിയ വിവരം പ്രദേശത്തുള്ളവർ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ അറിയിച്ചത്. തുടർന്നാണ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ സംയുക്ത ശാസ്ത്ര സംഘം സ്ഥലത്തെത്തിയത്. വെള്ളത്തിലേക്കിറങ്ങാൻ കഴിയാതെ കണ്ടൽ കാടുകളിൽ കുടുങ്ങിയ ഡോൾഫിനുകളെ സംഘം പരിശോധന നടത്തി. അവയിൽ ഏഴെണ്ണത്തിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ബാക്കിയുള്ളവയെ ആവശ്യമായ പരിചരണം നൽകി സുരക്ഷിതമായി കടലിലേക്ക് തിരികെ വിട്ടു.
മനുഷ്യരോട് പ്രത്യേകം ഇണങ്ങുന്ന സസ്തനിയായ ഡോൾഫിൻ ബുദ്ധി ശാലികളും സമൂഹജീവികളുമാണ്. ഇവയ്ക്ക് 25 മുതൽ 32 കി.മീ വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. ചെങ്കടലുകളിൽ ധാരാളം കാണപ്പെടുന്ന ഇവയിൽ ചില വിഭാഗങ്ങൾ വംശ നാശ ഭീഷണി നേരിടുന്നുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്. ബോട്ടുകളുമായുള്ള കൂട്ടിയിടി മൂലമുണ്ടാകുന്ന പരിക്കുകൾ മൂലം ഇവ മരണപ്പെടുകയും ചെയ്യാറുണ്ട്.
സമുദ്രത്തിലെ സസ്തനികളായ ഡോൾഫിനുകൾ കടൽത്തീരങ്ങളിൽ എത്തി മരണപ്പെടുന്നത് പലയിടങ്ങളിലും സംഭവിക്കുന്നുണ്ടെന്നും ഇത് പ്രതിരോധിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് നിലവിലുള്ളതെന്ന് നാഷനൽ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖർബാൻ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഇവയെ സംരക്ഷിക്കാൻ നിരവധി ഗവേഷണ കേന്ദ്രങ്ങൾ തന്നെയുണ്ടെന്നും സമുദ്ര സസ്തനികൾ കടൽ തീരങ്ങളിൽ കുടുങ്ങാൻ ഇടയാക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.